മൂന്ന് പുതിയ സുപ്രീം കോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു; എല്ലാവരും സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ന്യൂഡൽഹി: ജസ്റ്റിസ് സുനിത അഗർവാൾ, ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് അപരേശ് കുമാർ സിംഗ് എന്നിവർ പുതിയ സുപ്രീംകോടതി ജഡ്ജിമാരായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ന്യൂഡൽഹി: മൂന്ന് പുതിയ ജഡ്ജിമാർ കൂടി ചുമതലയേറ്റതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 37 ആയി ഉയർന്നു. അനുവദനീയമായ ആകെ ഒഴിവുകളിൽ ഇനി ഒന്നുമത്രമാണ് ബാക്കിയുള്ളത്. ജസ്റ്റിസ് സുനിത അഗർവാൾ, ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് അപരേശ് കുമാർ സിംഗ് എന്നിവരാണ് ചൊവ്വാഴ്ച ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് മൂവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഗുജറാത്ത്, ഡൽഹി, തെലങ്കാന ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരായിരുന്നു ഇവർ. സുപ്രീംകോടതി ജഡ്ജിമാർ, അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുതിർന്ന അഭിഭാഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പരമോന്നത കോടതിയുടെ ചരിത്രത്തിലെ 13-ാമത് വനിതാ ജഡ്ജിയാണ് ജസ്റ്റിസ് സുനിത അഗർവാൾ. ഇവരുടെ വരവോടെ സുപ്രീംകോടതിയിലെ നിലവിലെ വനിതാ ജഡ്ജിമാരുടെ എണ്ണം മൂന്നായി. അടുത്തവർഷം സെപ്റ്റംബർ 24-ന് രാജ്യത്തിന്റെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകാനിരിക്കുന്ന ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് വി. മോഹന എന്നിവരാണ് നിലവിലുള്ള മറ്റ് വനിതാ ജഡ്ജിമാർ.
മുമ്പ് ജസ്റ്റിസ് എൻ.വി. രമണ ചീഫ് ജസ്റ്റിസായിരുന്ന കാലത്താണ് സുപ്രീംകോടതിയിൽ ഏറ്റവും കൂടുതൽ വനിതാ ജഡ്ജിമാർ (നാലു പേർ) ഒരുമിച്ച് സേവനമനുഷ്ഠിച്ചത്—ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് നാഗരത്ന, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് ബെലാ എം. ത്രിവേദി എന്നിവരായിരുന്നു അവർ. ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയം മൂന്ന് വനിതാ ജഡ്ജിമാരെ ശുപാർശ ചെയ്തപ്പോൾ, ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ നേതൃത്വത്തിലുള്ള നിലവിലെ കൊളീജിയം ഇതുവരെ രണ്ടുപേരെയാണ് നിയമിച്ചത്.
1989 ഒക്ടോബർ 6-ന് മലയാളി കൂടിയായ എം. ഫാത്തിമ ബീവിയിലൂടെയാണ് സുപ്രീംകോടതിക്ക് ആദ്യ വനിതാ ജഡ്ജിയെ ലഭിക്കുന്നത്. കേരള ഹൈക്കോടതിയിൽനിന്ന് വിരമിച്ച് അഞ്ചു മാസത്തിനു ശേഷമായിരുന്നു നിയമനം. ജസ്റ്റിസ് സുജാത വി. മനോഹർ, ജസ്റ്റിസ് റൂമ പാൽ, ജസ്റ്റിസ് ഗ്യാൻ സുധാ മിശ്ര, ജസ്റ്റിസ് രഞ്ജന പി. ദേശായി, ജസ്റ്റിസ് ആർ. ഭാനുമതി, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരാണ് മുൻപ് വിരമിച്ച മറ്റ് വനിതാ ജഡ്ജിമാർ.




