ഫാം ഹൗസിലേക്ക് ഇരച്ചുകയറി മുഖംമൂടി ധാരികൾ, ബിജെപി നേതാവിനെ കെട്ടിയിട്ട് കൊള്ളയടിച്ചു; 50 ലക്ഷം രൂപ നഷ്ടം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കാൻപുരിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് യാദവിനെ ഫാം ഹൗസിൽ ബന്ദിയാക്കി മുഖംമൂടി സംഘം 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കവർന്നു. ആസൂത്രിതമായ കവർച്ചയാണെന്ന നിഗമനത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ജീവനക്കാരെ ചോദ്യം ചെയ്തും അന്വേഷണം ഊർജിതമാക്കി.
കാൻപുർ: ഉത്തർപ്രദേശിലെ കാൻപുരിൽ ബിജെപി നേതാവിനെ ബന്ദിയാക്കി വൻ കവർച്ച. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് യാദവിന്റെ ഫാം ഹൗസിലാണ് മുഖംമൂടി ധാരികൾ അതിക്രമിച്ചുകയറി കൊള്ളയടിച്ചത്. കൈകാലുകൾ ബന്ധിച്ച് ബന്ദിയാക്കിയ ശേഷം പണവും വിലപിടിപ്പുള്ള വസ്തുക്കളുമടക്കം അൻപത് ലക്ഷം രൂപയുടെ സാധനസാമഗ്രികളാണ് സംഘം കവർന്നത്.
കാൻപുർ നഗരത്തിൽനിന്ന് 15 കിലോമീറ്റർ അകലെ സെൻ പശ്ചിം പാര മേഖലയിലാണ് രമേശ് യാദവിന്റെ ഫാം ഹൗസ് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് ഒബിസി മോർച്ചയുടെ സംസ്ഥാന സെക്രട്ടറിയായി രമേശ് യാദവിനെ ബിജെപി നിയമിച്ചത്.
12-ാം തീയതി ലക്നൗവിൽ എത്തി ചുമതലയേറ്റ ശേഷം വൈകുന്നേരത്തോടെ കാൻപുരിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ഫാം ഹൗസിൽ വിശ്രമിക്കുന്നതിനിടയാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. അർധരാത്രിയോടെ ഫാം ഹൗസിലേക്ക് ഇരച്ചുകയറിയ മുഖംമൂടി സംഘം രമേശ് യാദവിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി കൈകാലുകൾ ബന്ധിക്കുകയായിരുന്നു. തുടർന്ന് ഫാം ഹൗസ് പൂർണമായി പരിശോധിച്ച സംഘം പണവും വിലപിടിപ്പുള്ള വസ്തുക്കളുമടക്കം 50 ലക്ഷം രൂപയുടെ കവർച്ച നടത്തി കടന്നുകളഞ്ഞു.
സംഭവമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള വൻ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇത് പൂർണമായും ആസൂത്രിതമായ കവർച്ചയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുഖംമൂടി ധാരികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾക്കായി ഫാം ഹൗസിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഫാം ഹൗസിലെ ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നുണ്ട്.
മൂന്നുതവണ ബ്ലോക്ക് ഇൻചാർജ് പദവി വഹിച്ചിട്ടുള്ള പ്രമുഖ നേതാവാണ് രമേശ് യാദവ്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടയിലാണ് അദ്ദേഹം ബിഎസ്പി വിട്ട് ബിജെപിയിൽ ചേരുന്നത്. ഇതിനുമുമ്പ് 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിത്തൂർ മണ്ഡലത്തിൽനിന്ന് ബിഎസ്പി ടിക്കറ്റിൽ രമേശ് യാദവ് ജനവിധി തേടിയിട്ടുണ്ട്.




