സിജെപി നേതാക്കൾ ജയിലിലേക്ക്, അഞ്ചുദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി; ഔദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ദീപ്കെ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ബോണ്ട് വ്യവസ്ഥ ലംഘിച്ച് ജന്തർമന്തറിൽ അതിക്രമിച്ചുകയറിയ സിജെപി നേതാക്കളെ അഞ്ചുദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന സർക്കാർ നടപടിക്ക് എതിരെ ഔദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് സിജെപി സ്ഥാപക നേതാവ് അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു.
ന്യൂഡൽഹി: ബോണ്ട് വ്യവസ്ഥകൾ ലംഘിച്ച് ജന്തർമന്തറിലേക്ക് അതിക്രമിച്ചുകയറിയതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അറസ്റ്റിലായ സിജെപി (CJP) നേതാക്കളെ അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, അജിൻക്യ ഷിൻഡെ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. തുടർന്ന് ഇവരെ ജയിലിലേക്ക് മാറ്റി.
ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് പ്രതികളെ മന്ദിർ മാർഗ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. തുടർന്ന് കോടതി ഇവരെ അഞ്ചുദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
പോരാട്ടം തുടരുമെന്ന് സിജെപി നേതാക്കൾ
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സിജെപി നേതാക്കൾ വ്യക്തമാക്കി. നരേന്ദ്ര മോദിയും അമിത് ഷായും അല്ല രാജ്യം ഭരിക്കേണ്ടതെന്നും ഭരണഘടനയ്ക്കും നിയമങ്ങൾക്കും അനുസൃതമായാണ് രാജ്യം മുന്നോട്ടുപോകേണ്ടതെന്നും അജിൻക്യ ഷിൻഡെ പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്റെ ഭരണം ബ്രിട്ടീഷ് ഭരണത്തിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജന്തർ മന്തറിൽ ത്രിവർണ പതാക ഉയർത്തുന്നത് കുറ്റകരമാണോ എന്ന് സിജെപി സ്ഥാപക നേതാവ് അഭിജിത് ദീപ്കെ ചോദിച്ചു. ബുധനാഴ്ച രാവിലെ ഡൽഹിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എതിർശബ്ദങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിൽ അത് ധൈര്യപൂർവ്വം തുറന്നുപറയണമെന്നും രാജ്യത്ത് ഔദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു.
ഡൽഹിയിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നു
സംഭവത്തെ തുടർന്ന് ബുധനാഴ്ചയും ഡൽഹിയിൽ പ്രതിഷേധങ്ങൾ തുടരുമെന്നാണ് സൂചന. ഉച്ചയോടെ ഡിവൈഎഫ്ഐ - എസ്എഫ്ഐ, എഐഎസ്എഫ് - എഐവൈഎഫ് സംഘടനകളുടെ നേതൃത്വത്തിൽ വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.




