ക്ലബ്ബിൽവെച്ച് തർക്കം, ക്രൂര മർദനമേറ്റ യുവാവ് ഛർദ്ദിച്ചു, പിന്നാലെ മരണം; കൊലക്കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്, അഞ്ചുപേർ അറസ്റ്റിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഡൽഹിയിലെ ക്ലബ്ബിൽവെച്ചുണ്ടായ തർക്കത്തെ തുടർന്ന് മാനേജരും സംഘവും ക്രൂരമായി മർദിച്ച യുവാവ് ഛർദിച്ചതിന് പിന്നാലെ മരണപ്പെട്ടു. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ്, ക്ലബ് മാനേജരും ഭാര്യയും ബൗൺസറുമടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
ന്യൂഡൽഹി: തലസ്ഥാനത്തെ ക്ലബ്ബിൽ ജന്മദിനാഘോഷത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ടു. രഘുബീർ നഗർ ജെ.ജെ കോളനി സ്വദേശിയും ഡ്രൈവറുമായ ദൽജീത് സിങ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ക്ലബ് മാനേജർ, ഭാര്യ, ബൗൺസർമാർ ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നോർത്ത് ഡൽഹിയിലെ സരായ് രോഹില്ലയിൽ ന്യൂ റോത്തക് റോഡിലെ ക്ലബ്ബിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ദൽജീത് ക്ലബ്ബിലെത്തിയത്. ആഘോഷത്തിനിടെ ക്ലബ് മാനേജരുടെ ഭാര്യയുടെ മുഖത്ത് ദൽജീത് ബിയർ ഒഴിച്ചെന്ന് ആരോപിച്ചായിരുന്നു തർക്കം തുടങ്ങിയത്. തുടർന്ന് മാനേജരും ജീവനക്കാരും ചേർന്ന് ദൽജീതിനെയും സുഹൃത്തുക്കളെയും ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനമേറ്റ ദൽജീത് വീട്ടിലെത്തിയ ശേഷം ഛർദിക്കുകയും തുടർന്ന് ഉറങ്ങാൻ കിടക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉച്ചയോടെ ആരോഗ്യം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദൽജീതിനെ ഒരാൾ പിടിച്ചുവെക്കുകയും മറ്റൊരാൾ മർദിക്കുകയുമായിരുന്നു. തലക്കും വയറ്റിലും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ യുവാവിനെ സ്ത്രീ മുടിയിൽ കുത്തിപ്പിടിക്കുകയും ബിയർ കുപ്പി കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഒരു മണിക്കൂറോളം മർദനം തുടർന്നതായും പ്രതികളിലൊരാൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായും ദൽജീതിന്റെ സുഹൃത്ത് പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. കൊലപാതകം, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഗസ്റ്റ് ഓർഗനൈസർ ദിലാവർ, ക്ലബ് മാനേജർ സണ്ണി, ഭാര്യ ഹർഷിത, ജീവനക്കാരൻ ശ്രാവൺ കുമാർ, ബൗൺസർ വികാസ് ബല്യാൻ എന്നിവരാണ് അറസ്റ്റിലായത്. അനുവദനീയമായ സമയപരിധി കഴിഞ്ഞും ക്ലബ് പ്രവർത്തിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ദൽജീത് സിങ് ഭാര്യയും എട്ടുവയസ്സുകാരനായ മകനും അനുജനുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി ആയിരുന്നു.




