നാളെ ഡൽഹിയിൽ പോകാൻ ശ്രമിക്കുന്നവർക്ക് കനത്ത തിരിച്ചടി; ഇന്ത്യൻ റെയിൽവേ ഒക്ടോബർ 10 ന് ഡൽഹിയിലെത്തുന്ന എല്ലാ ട്രെയിനും റദ്ദാക്കി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഡൽഹിയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഒക്ടോബർ 10-ലെ ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി എടുത്ത നടപടിയാണെന്നും ടിക്കറ്റ് തുക പൂർണമായി റീഫണ്ട് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതിനിടെ, ഒക്ടോബർ 10ന് ഡൽഹിയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ എത്തിച്ചേരേണ്ട മുഴുവൻ ട്രെയിനുകളും റദ്ദാക്കി ഇന്ത്യൻ റെയിൽവേ. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
ഒക്ടോബർ 10ന് ഡൽഹി റൂട്ടിൽ സർവീസ് നടത്താനിരുന്ന ദീർഘദൂര ട്രെയിനുകളും പാസഞ്ചർ സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. തീരുമാനം പെട്ടെന്നായതിനാൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിന് പരിഹാരമായി മുഴുവൻ ടിക്കറ്റ് തുകയും റീഫണ്ട് ചെയ്യുമെന്ന് റെയിൽവേ വ്യക്തമാക്കി.
ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ഗ്യാനേഷ് കുമാറിനും എസ്.ഐ.ആറിനുമെതിരെ ശക്തമായ പ്രചാരണം നടത്തിയ ശേഷമാണ് ഒക്ടോബർ 10ന് സി.ജെ.പി ജന്തർ മന്തറിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്. ഇടത് വിദ്യാർഥി സംഘടനകളായ എസ്.എഫ്.ഐ, ഐസ, എ.ഐ.എസ്.എഫ്, ആം ആദ്മി പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ എ.എസ്.എ.പി എന്നിവരും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്.
വൻതോതിൽ പ്രതിഷേധക്കാർ തലസ്ഥാനത്തേക്ക് എത്തുമെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് റെയിൽവേയും മുൻകരുതൽ നടപടിയെന്നോണം സർവീസുകൾ റദ്ദാക്കിയത്.
റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങളും ഇതര യാത്രാമാർഗങ്ങളെക്കുറിച്ചുള്ള നിർദേശങ്ങളും റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഹെൽപ് ലൈൻ നമ്പറുകളിലും ലഭ്യമാണ്. യാത്ര തിരിക്കുന്നതിന് മുൻപ് സമയവിവരങ്ങൾ പരിശോധിക്കണമെന്നും യാത്രക്കാർ സഹകരിക്കണമെന്നും റെയിൽവേ വക്താവ് അഭ്യർഥിച്ചു.




