'ജയിൽ പോലുള്ള വാഹനം, ഒരുമണിക്കൂറോളം സഞ്ചരിച്ചു'; പൊലീസ് സ്റ്റേഷനിൽ എത്തിച്ചെന്ന് പി രാജീവ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തിനിടെ ദില്ലിയിൽ കസ്റ്റഡിയിലായ പിണറായി വിജയൻ ഉൾപ്പെടെയുള്ള ഇടത് നേതാക്കളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ജയിൽ പോലുള്ള വാഹനത്തിൽ ദില്ലി നഗരത്തിലൂടെ വട്ടം കറക്കിയാണ് കൊണ്ടുപോയതെന്ന് നേതാക്കൾ വ്യക്തമാക്കി.
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ദില്ലിയിൽ കസ്റ്റഡിയിലായ കേരളത്തിലെ ഇടത് നേതാക്കളെ സുഭാഷ് പാലസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുതിർന്ന നേതാക്കളായ ടി.പി. രാമകൃഷ്ണൻ, പി. രാജീവ് എന്നിവരെയാണ് സുഭാഷ് പാലസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. തങ്ങളെ ജയിൽ പോലുള്ള വാഹനത്തിലാണ് കൊണ്ടുവന്നതെന്നും ഒരുമണിക്കൂറോളമായി വാഹനത്തിൽ സഞ്ചരിക്കുകയാണെന്നും പി. രാജീവ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
"ചരിത്ര സമരത്തിനാണ് ഞങ്ങൾ എല്ലാവരും പങ്കെടുത്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ സ്വതന്ത്രമാക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമാണ് ഇത്. പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എല്ലാവരും പങ്കെടുക്കുകയുണ്ടായി. ഞങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്ത് ജയിൽ പോലുള്ള വാഹനത്തിൽ ഏതോ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയാണ്. ഏകദേശം ഒരുമണിക്കൂറോളമായി വാഹനത്തിൽ സഞ്ചരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ നിർ and നിർണായക സമരം ഏറ്റവും ശക്തമായ രൂപത്തിൽ മുന്നോട്ടുപോകുന്നു എന്നതിൽ അഭിമാനമുണ്ട്"- പി. രാജീവ് പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.
അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എം.പി, കെ.എൻ. ബാലഗോപാൽ എം.എൽ.എ എന്നിവരും ദില്ലി പൊലീസിന്റെ കസ്റ്റഡിയിൽ തുടരുകയാണ്. രാവിലെ 10:45 ഓടെ ജന്തർമന്തറിൽ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേതാക്കളെ വാഹനത്തിൽ കയറ്റിയ പൊലീസ് ഏറെ നേരമായി യാത്ര തുടരുകയാണ്. ഇവരെ ആദ്യം കരുതൽ തടങ്കൽ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും വൈകാതെ പൊലീസ് വാഹനത്തിൽ കയറ്റി യാത്ര പുനരാരംഭിക്കുകയായിരുന്നു.
തങ്ങളെ പൊലീസ് ദില്ലി നഗരത്തിലൂടെ വട്ടം കറക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് വീഡിയോ സന്ദേശത്തിൽ അറിയിച്ചു. പിണറായി വിജയൻ രാജ്യത്തെ തന്നെ മുതിർന്ന നേതാവാണെന്നും മുൻ മുഖ്യമന്ത്രിയാണെന്നും പോലും പൊലീസ് പരിഗണിക്കുന്നില്ലെന്നും, ഇതാണ് സ്ഥിതിയെങ്കിൽ രാജ്യത്തെ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു.




