ദില്ലിയിൽ വീണ്ടും കെട്ടിടം തകർന്നുവീണ് അപകടം; നിലംപതിച്ചത് നാലുനില കെട്ടിടം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ദില്ലി ന്യൂ സീമാപുരിയിൽ നാലുനില കെട്ടിടം തകർന്നുവീണ് വൻ അപകടം; നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായി സംശയം.
ദില്ലി: ദില്ലിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരണപ്പെട്ട ദുരന്തത്തിന്റെ ആഘാതം മാറുംമുമ്പേ നഗരത്തിൽ വീണ്ടും വൻ കെട്ടിട അപകടം. വടക്കുകിഴക്കൻ ദില്ലിയിലെ ന്യൂ സീമാപുരിയിലാണ് നാലുനില കെട്ടിടം പൂർണ്ണമായി തകർന്നുവീണത്. അപകടത്തിൽ നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ദില്ലി ഫയർ സർവീസിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ന്യൂ സീമാപുരിയിലെ ഈദ്ഗാഹ് മച്ച്ലി മന്ദിയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ദാരുണമായ സംഭവം. 225 ചതുരശ്ര അടി വിസ്തീർണമുള്ള നാലുനില കെട്ടിടമാണ് പെട്ടെന്ന് നിലംപതിച്ചത്.
അപകടസ്ഥലത്തുനിന്ന് ചിലരെ രക്ഷപ്പെടുത്തി ഉടൻതന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ രാജേന്ദ്ര പ്രസാദ് മീണ അറിയിച്ചു. മൂന്നോ നാലോ പേർ ഇനിയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം. ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ പൊതുജനങ്ങൾ പ്രദേശം ഒഴിവാക്കണമെന്ന് ദില്ലി പൊലീസ് എക്സിലൂടെ (ട്വിറ്റർ) അഭ്യർത്ഥിച്ചു.
അതേസമയം, ചൊവ്വാഴ്ച രാത്രിയിലുണ്ടായ നേരിയ ഭൂചലനത്തെ തുടർന്ന് കെട്ടിടത്തിൽ വിള്ളലുകൾ രൂപപ്പെട്ടിരുന്നതായി പ്രദേശവാസികൾ വ്യക്തമാക്കുന്നു. എന്നാൽ കൃത്യമായ സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ അപകടത്തിന്റെ യഥാർത്ഥ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ വ്യക്തമാക്കി. സംഭവം നടന്ന് അരമണിക്കൂറിന് ശേഷമാണ് പൊലീസ് എത്തിയതെന്നും ഒരു കുട്ടി ഉൾപ്പെടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയിട്ടുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.
സെപ്റ്റംബർ ആറിന് തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതനിൽ അഞ്ചുനില ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തലസ്ഥാനത്തെ ഭീതിയിലാഴ്ത്തി മറ്റൊരു കെട്ടിടം കൂടി തകരുന്നത്. സത്യനികേതനിലെ അപകടത്തിന് കാരണം കെട്ടിടത്തിൽ നടത്തിയ ശാസ്ത്രീയമല്ലാത്ത നവീകരണ പ്രവൃത്തികളാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടര്ന്ന് കെട്ടിട ഉടമ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.




