പ്രണയത്തിന്റെ പേരില് ക്രൂരമര്ദ്ദനം; യുവാവിനെയും യുവതിയെയും പരസ്യമായി അപമാനിച്ചു, ഭര്ത്താവടക്കം 9 പേര് അറസ്റ്റില്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഗുജറാത്തിലെ സുരേന്ദ്രനഗറിൽ പ്രണയബന്ധത്തിന്റെ പേരിൽ യുവതിയെയും യുവാവിനെയും ക്രൂരമായി മർദ്ദിച്ച് അപമാനിച്ച സംഭവത്തിൽ ഭർത്താവടക്കം ഒമ്പത് പേർ അറസ്റ്റിലായി. ശുദ്ധീകരണ ചടങ്ങിനെന്ന വ്യാജേന വിളിച്ചുവരുത്തി മർദ്ദിച്ച ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
രാജ്കോട്ട്: പ്രണയബന്ധത്തിന്റെ പേരിൽ യുവതിയെയും യുവാവിനെയും ക്രൂരമായി മർദ്ദിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവും അടുത്ത ബന്ധുക്കളും ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിൽ. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലെ ചോട്ടിലയിൽ ഒക്ടോബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വാപ്പി സ്വദേശിനിയായ യുവതിയും കാമുകനുമാണ് ആക്രമണത്തിനിരയായത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി കഴിഞ്ഞ മൂന്ന് മാസമായി ചോട്ടിലയിൽ യുവാവിനൊപ്പമായിരുന്നു താമസം. വിവരമറിഞ്ഞ ബന്ധുക്കൾ യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെങ്കിലും അഞ്ച് ദിവസം മുമ്പ് ഇവർ വീണ്ടും ചോട്ടിലയിലെത്തി യുവാവിനൊപ്പം താമസം തുടരുകയായിരുന്നു.
ഇതോടെ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാമെന്നും ശുദ്ധീകരണ ചടങ്ങ് നടത്താമെന്നും വിശ്വസിപ്പിച്ച് ബന്ധുക്കൾ ഇരുവരെയും സുരേന്ദ്രനഗറിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് അവിടെ തടിച്ചുകൂടിയ സംഘം ഇരുവരെയും തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിക്കുകയും നാട്ടുകാർക്ക് മുന്നിലിട്ട് അപമാനിക്കുകയുമായിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഒരു സമുദായ നേതാവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി യുവതിയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. മാനസികമായി തളർന്ന യുവതിക്ക് കൗൺസിലിങ് നൽകിയ ശേഷമാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അറസ്റ്റിലായ ഒമ്പത് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ദൃശ്യങ്ങൾ പ്രചരിപ്പിച്ച മറ്റുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.




