'തരിമ്പും വിട്ടുവീഴ്ച ചെയ്യില്ല'; നയം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ; ബിംസ്റ്റെക് രാജ്യങ്ങൾ ഭീകരർ താവളമാക്കരുതെന്ന് നിലപാട്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ന്യൂഡൽഹി: ഭീകരവാദത്തോടും ലഹരിക്കടത്തിനോടും ഇന്ത്യക്ക് തരിമ്പും വിട്ടുവീഴ്ചയില്ലാത്ത നയമാണെന്നും ബിംസ്റ്റെക് രാജ്യങ്ങളെ ഭീകരർ താവളമാക്കാൻ അനുവദിക്കരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ന്യൂഡൽഹി: ഭീകരവാദത്തോടും ലഹരിക്കടത്തിനോടും അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളോടും ഇന്ത്യക്ക് തരിമ്പും വിട്ടുവീഴ്ചയില്ലാത്ത നയമാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂഡൽഹിയിൽ നടന്ന ആദ്യ ബിംസ്റ്റെക് (BIMSTEC) ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കവേ, ഭീകരവാദികൾക്ക് താവളമൊരുക്കാനോ പരിശീലന കേന്ദ്രങ്ങളാക്കാനോ സാമ്പത്തിക സ്രോതസ്സുകൾ സമാഹരിക്കാനോ ബിംസ്റ്റെക് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾ അവസരം നൽകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'വസുധൈവ കുടുംബകം' എന്ന ആശയത്തിലൂന്നി ഏതൊരു രാജ്യത്തിന്റെയും പരമാധികാരത്തെ മാനിക്കുന്ന ഇന്ത്യ ആധിപത്യ ശ്രമങ്ങൾ നടത്തിയിട്ടില്ലെന്നും സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഷാ ചൂണ്ടിക്കാട്ടി. അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള പരസ്പര നിയമസഹായ കരാറുകൾ കൂടുതൽ കാര്യക്ഷമമാക്കണം. ലഹരിക്കടത്ത് തടയാൻ കൂട്ടായ പോരാട്ടം അനിവാര്യമാണെന്നും ലഹരിപ്പണം ഭീകരപ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും ഡാർക്ക് വെബ്ബ് വഴിയുള്ള പ്രവർത്തനങ്ങൾ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




