മന്ത്രിമാർക്കും എംപിമാർക്കും പുതിയ വാഹനം വാങ്ങാൻ ഇനി 31 ലക്ഷം രൂപ വരെ ചെലവാക്കാം; ഉത്തരവിറക്കി കർണാടക
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കർണാടകയിൽ മന്ത്രിമാർക്കും എംപിമാർക്കും ഔദ്യോഗിക വാഹനം വാങ്ങാനുള്ള തുകയുടെ പരിധി സർക്കാർ 26 ലക്ഷത്തിൽ നിന്ന് 31 ലക്ഷം രൂപയായി വർധിപ്പിച്ചു. പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ഉയർന്ന ഇന്ധനക്ഷമതയുള്ളതും പരിപാലനച്ചെലവ് കുറഞ്ഞതുമായ മോഡലുകൾ തിരഞ്ഞെടുക്കണമെന്നും നിഷ്കർഷിക്കുന്നുണ്ട്.
ബെംഗളൂരു: കർണാടകത്തിൽ മന്ത്രിമാർക്കും ലോക്സഭാ, രാജ്യസഭാ എംപിമാർക്കും ഔദ്യോഗിക വാഹനങ്ങൾ വാങ്ങുന്നതിനുള്ള തുകയുടെ പരിധി സംസ്ഥാന സർക്കാർ ഉയർത്തി. നിലവിലുണ്ടായിരുന്ന 26 ലക്ഷം രൂപയിൽ നിന്ന് 31 ലക്ഷം രൂപയായാണ് വർധിപ്പിച്ചത്. ജിഎസ്ടി ഉൾപ്പെടെയുള്ള എക്സ്-ഷോറൂം വിലയ്ക്കാണ് ഈ ഉത്തരവ് ബാധകമാവുക. പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.
മുമ്പ് 2022 ഓഗസ്റ്റ് 18-നാണ് വാഹനങ്ങളുടെ വില പരിധി ഒടുവിൽ പുതുക്കി നിശ്ചയിച്ചിരുന്നത്. അന്ന് എക്സ്-ഷോറൂം വില 23 ലക്ഷം രൂപയായും ജിഎസ്ടി ഉൾപ്പെടെ 26 ലക്ഷം രൂപയായുമാണ് നിശ്ചയിച്ചിരുന്നത്. ധനകാര്യ വകുപ്പിന്റെ അനുമതിയോടെയാണ് നിലവിൽ തുക വീണ്ടും വർധിപ്പിച്ചിരിക്കുന്നത്.
പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ഉയർന്ന ഇന്ധനക്ഷമതയുള്ളതും കുറഞ്ഞ പരിപാലനച്ചെലവുള്ളതുമായ (മെയിന്റനൻസ്) മോഡലുകൾ തിരഞ്ഞെടുക്കണമെന്ന് ഉത്തരവിൽ പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. കൂടാതെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സപ്ലൈസ് ആൻ്റ് ഡിസ്പോസൽ (DGS&D) നിരക്കുകൾക്ക് വിധേയമായിരിക്കണം വാഹനങ്ങളുടെ വാങ്ങലെന്നും നിർദേശമുണ്ട്.




