സ്വന്തം ജീവൻ കൈവിട്ടപ്പോഴും അദ്ദേഹം യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കി; 40 പേരുടെ ജീവൻ രക്ഷിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടിട്ടും ബസ് സുരക്ഷിതമായി റോഡരികിൽ നിർത്തി 40 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ആന്ധ്രയിലെ എ.പി.എസ്.ആര്.ടി.സി ഡ്രൈവർ ജെട്ടി ശിവ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അവസാന നിമിഷം വരെ കർമ്മബോധം കൈവിടാത്ത അദ്ദേഹത്തിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.
കാക്കിനാഡ: സ്വന്തം ജീവന് അതീവ ഗുരുതിയാവസ്ഥയിലായപ്പോഴും അവസാന നിമിഷം വരെ കര്ത്തവ്യബോധം കൈവിടാതെ എ.പി.എസ്.ആര്.ടി.സി ബസ് ഡ്രൈവര്. കാക്കിനാഡയില് നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന് (എ.പി.എസ്.ആര്.ടി.സി) ബസ് ഡ്രൈവര് ജെട്ടി ശിവയാണ് (34) ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായത്. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടിട്ടും വാഹനം റോഡരികില് സുരക്ഷിതമായി ഒതുക്കിനിര്ത്തി നാല്പതോളം യാത്രക്കാരുടെ ജീവന് രക്ഷിച്ച ശേഷമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
ഒക്ടോബര് എട്ടിന് വ്യാഴാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. 40 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് തുനിക്ക് സമീപം എത്തിയപ്പോഴാണ് ശിവയ്ക്ക് കടുത്ത നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടത്. പെട്ടെന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകള്ക്കിടയിലും പരിഭ്രാന്തനാകാതെ അദ്ദേഹം ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വാഹനം റോഡരികിലേക്ക് സുരക്ഷിതമായി മാറ്റി നിര്ത്തുകയുമായിരുന്നു.
ബസ് പൂര്ണ്ണമായും നിര്ത്തിയതിന് പിന്നാലെ ഡ്രൈവിങ് സീറ്റില്ത്തന്നെ അദ്ദേഹം കുഴഞ്ഞുവീണു. അപകടത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ യാത്രക്കാര് ഉടന്തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയില് എത്തുമ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടര്മാര് സ്ഥിരീകരിച്ചു.
ബസ് ഓടിക്കൊണ്ടിരിക്കെ ഡ്രൈവര്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായത് വലിയൊരു ദുരന്തത്തിന് കാരണമായേക്കാമായിരുന്നു. എന്നാല്, അവസാന നിമിഷം വരെ കാണിച്ച സംയമനവും അടിയുറച്ച ഉത്തരവാദിത്തബോധവും വലിയൊരു വാഹനാപകടമാണ് ഒഴിവാക്കിയത്.
സംഭവത്തില് എ.പി.എസ്.ആര്.ടി.സി ചെയര്മാന് കൊണകല്ല നാരായണ റാവു അഗാധമായ അനുശോചനം രേഖപ്പെടുത്തി. ജീവന് പണയപ്പെടുത്തിയും യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്ഗണന നല്കിയ ശിവയുടെ മാതൃകാപരമായ കര്ത്തവ്യനിഷ്ഠയെ അദ്ദേഹം പ്രശംസിച്ചു. ശിവയുടെ കുടുംബത്തിന് സര്ക്കാര് ചട്ടപ്രകാരമുള്ള എല്ലാവിധ സഹായങ്ങളും പിന്തുണയും ഉറപ്പുനല്കിയതായി ചെയര്മാന് അറിയിച്ചു.




