ഹൂതി ആക്രമണം: റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഹൂതി ആക്രമണങ്ങളെ തുടർന്ന് റിയാദിലേക്കുള്ള വിമാന സർവീസുകൾ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ താൽക്കാലികമായി റദ്ദാക്കി. ഒക്ടോബർ 10 വരെയുള്ള സർവീസുകൾ നിർത്തിവെച്ച കമ്പനികൾ, ടിക്കറ്റ് തുക പൂർണമായി തിരികെ നൽകാനോ യാത്ര സൗജന്യമായി പുനഃക്രമീകരിക്കാനോ സൗകര്യമൊരുക്കിയിട്ടുണ്ട്.
ന്യൂഡൽഹി: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിയാദിലേക്കുള്ള വിമാന സർവീസുകൾ ഇന്ത്യൻ വിമാനക്കമ്പനികൾ താൽക്കാലികമായി റദ്ദാക്കി. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് ഒക്ടോബർ 10 വരെയുള്ള റിയാദ് സർവീസുകൾ നിർത്തിവെച്ചത്. മേഖലയിലെ വഷളായ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നടപടി.
സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ദില്ലിയിൽ നിന്ന് റിയാദിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം (AI2243) യാത്ര മധ്യേ തിരിച്ചയച്ചു. ഗുജറാത്തിന് മുകളിലൂടെ അറബിക്കടലിലേക്ക് പ്രവേശിക്കാനിരിക്കെയാണ് വിമാനം യു-ടേൺ എടുത്ത് ദില്ലിയിൽ തന്നെ തിരികെ ലാൻഡ് ചെയ്തത്.
യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകും
സർവീസുകൾ മുടങ്ങിയതോടെ വലഞ്ഞ യാത്രക്കാർക്ക് ആശ്വാസ നടപടികളുമായി വിമാനക്കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. ടിക്കറ്റ് റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും തിരികെ നൽകും. അധിക നിരക്കുകളില്ലാതെ മറ്റ് തീയതികളിലേക്ക് യാത്ര പുനഃക്രമീകരിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. സുരക്ഷാ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഒക്ടോബർ 10ന് ശേഷം സർവീസുകൾ പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കമ്പനി വക്താക്കൾ അറിയിച്ചു.
വിമാനത്താവളങ്ങൾക്ക് നേരെ ശക്തമായ ആക്രമണം; മൂന്ന് മരണം
സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, അബഹ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്ക് നേരെയാണ് ഹൂതികളുടെ ആക്രമണുണ്ടായത്. വിദേശ പൗരന്മാർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ വിമാനത്താവളങ്ങൾക്ക് ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
മക്ക, മദീന ഒഴികെയുള്ള സൗദി വ്യോമാതിർത്തി മുഴുവൻ തങ്ങളുടെ ആക്രമണ പരിധിയിലാണെന്നും അന്താരാഷ്ട്ര വിമാനക്കമ്പനികൾ സർവീസ് നടത്തരുതെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരീ മുന്നറിയിപ്പ് നൽകി.




