കോൺഗ്രസ് എംപിയായ പ്രൊഫ. അൻഗോംച ബിമോൽ അകോയ്ജത്തെ ജെഎൻയുവിൽ നിന്ന് പുറത്താക്കി: നടപടി ലൈംഗികാതിക്രമ പരാതിയെ തുടർന്ന്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ലൈംഗികാതിക്രമ പരാതിയിൽ ജെഎൻയു പ്രൊഫസറും കോൺഗ്രസ് ലോക്സഭാംഗവുമായ അൻഗോംച ബിമോൽ അകോയ്ജത്തെ സർവകലാശാല പുറത്താക്കി. സംഭവത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും എബിവിപിയും രംഗത്തെത്തി.
ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ ആഭ്യന്തര അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് ലോക്സഭാംഗവും പ്രൊഫസറുമായ അൻഗോംച ബിമോൽ അകോയ്ജത്തെ ജെഎൻയുവിൽ നിന്ന് പുറത്താക്കി. ഇന്നർ മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംപിയാണ് ഇദ്ദേഹം. ജെഎൻയുവിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിന് കീഴിലുള്ള സെൻ്റർ ഫോർ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റത്തിലെ 10-12 വിദ്യാർത്ഥിനികൾ നൽകിയ പരാതിയിലാണ് സർവകലാശാലയുടെ നടപടി.
ജെഎൻയുവിലെ ഇൻ്റേണൽ കമ്മറ്റിയാണ് (ICC) പരാതി അന്വേഷിച്ചത്. പരാതിയിൽ കുറ്റാരോപിതൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്മറ്റി കർശന ശിക്ഷാനടപടി ശുപാർശ ചെയ്യുകയായിരുന്നു. സെൻട്രൽ സിവിൽ സർവീസസ് ചട്ടത്തിലെ 11 (ix) വകുപ്പ് പ്രകാരമാണ് സർവകലാശാല പുറത്താക്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. വൈസ് ചാൻസലർ ശാന്തിശ്രീ ഡി. പണ്ഡിറ്റാണ് നടപടി സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്.
അതേസമയം, സംഭവത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും എബിവിപിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കുറ്റാരോപിതനായ എംപിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് എബിവിപിയും, കോൺഗ്രസ് മൗനം വെടിയണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ആവശ്യപ്പെട്ടു.




