എല്ലാ സീറ്റിലും തോറ്റ് ആം ആദ്മി പാർട്ടി, നില മെച്ചപ്പെടുത്തി കോൺഗ്രസ്; വൻ ഭൂരിപക്ഷത്തോടെ ബിജെപി ഗാന്ധിനഗർ കോർപറേഷനിൽ ഭരണം നേടി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഗുജറാത്തിലെ ഗാന്ധിനഗർ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ 44-ൽ 38 സീറ്റുകൾ നേടി ബിജെപി വൻ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി. കോൺഗ്രസ് അഞ്ച് സീറ്റുകളിൽ വിജയിച്ച് നില മെച്ചപ്പെടുത്തിയപ്പോൾ ആം ആദ്മി പാർട്ടിക്ക് ഒരിടത്തുപോലും വിജയിക്കാനായില്ല.
അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗർ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ 44-ൽ 38 സീറ്റുകൾ നേടി ബിജെപി വൻ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി. ചൊവ്വാഴ്ച ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പുറത്തുവിട്ട ഫലപ്രകാരം, പ്രതിപക്ഷമായ കോൺഗ്രസ് അഞ്ച് സീറ്റുകളിൽ വിജയിച്ച് കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തിയപ്പോൾ ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയം കണ്ടു. എന്നാൽ, മത്സരിച്ച 32 സീറ്റുകളിലും ആം ആദ്മി പാർട്ടിക്ക് (ആപ്) പരാജയമാണ് നേരിടേണ്ടിവന്നത്. കഴിഞ്ഞ തവണ ഒരു സീറ്റിൽ വിജയിക്കാനായിരുന്ന എഎപിക്ക് ഇത്തവണ ഒരിടത്തുപോലും അക്കൗണ്ട് തുറക്കാനായില്ല. തുടർഭരണം നേടിയെങ്കിലും ബിജെപിക്ക് മുൻ വർഷത്തേക്കാൾ മൂന്ന് സീറ്റുകൾ കുറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയ പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പ്രദേശം എന്ന നിലയിൽ രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ ഗാന്ധിനഗർ കോർപറേഷൻ തിരഞ്ഞെടുപ്പ്.




