മാതാപിതാക്കൾക്ക് പ്രായമായി, മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക്; വൈറലായി കുറിപ്പ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

"ഏറെ സന്തോഷത്തോടെയും താല്പര്യത്തോടെയും ചെയ്തുവന്ന ജോലിയിൽ നിന്നും മികച്ച സഹപ്രവർത്തകരിൽ നിന്നും വിടവാങ്ങുക എന്നത് തികച്ചും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. എങ്കിലും ജീവിതത്തിലെ ഈ ഘട്ടത്തിൽ മാതാപിതാക്കൾക്കൊപ്പം നിലകൊള്ളുന്നതാണ് ഏറ്റവും ശരിയായ വഴി. ഇത്തരമൊരു തീരുമാനം എടുക്കാൻ എന്നെ പ്രാപ്തനാക്കിയതിന് മൈക്രോസോഫ്റ്റിനോട് ആഴത്തിൽ നന്ദിയുള്ളവനാണ്." — കേശവൻ ഷണ്മുഖം
ന്യൂഡൽഹി: പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നതിനായി ഐ.ടി ഭീമനായ മൈക്രോസോഫ്റ്റിലെ ഉയർന്ന പദവി രാജിവെച്ച് ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങി വൈസ് പ്രസിഡന്റ് കേശവൻ ഷണ്മുഖം. കമ്പനിയുടെ എഞ്ചിനീയറിങ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന അദ്ദേഹം 23 വർഷത്തെ ദീർഘമായ കോർപ്പറേറ്റ് സേവനത്തിനു ശേഷമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ലിങ്ക്ഡ്ഇനിലൂടെയാണ് കേശവൻ തന്റെ തീരുമാനം പരസ്യമാക്കിയത്.
ഇന്ത്യയിലുള്ള മാതാപിതാക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും കുടുംബത്തിനും സുഹൃത്തുക്കൾക്കും മുൻഗണന നൽകാനുമാണ് കരിയറിലെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം കുറിച്ചു.
മൈക്രോസോഫ്റ്റിന്റെ ജനപ്രിയ സേവനങ്ങളായ 'എക്സെൽ കോപൈലറ്റ്' ഉൾപ്പെടെയുള്ള പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രൊജക്റ്റുകൾക്ക് നേതൃത്വം നൽകിയ പ്രമുഖ വ്യക്തിത്വമാണ് കേശവൻ ഷണ്മുഖം.
ഉയർന്ന കോർപ്പറേറ്റ് പദവികളേക്കാൾ മാതാപിതാക്കൾക്കും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകിയ കേശവന്റെ തീരുമാനത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്. പ്രൊഫഷണൽ കരിയറിൽ ഒരാൾക്ക് എടുക്കാൻ കഴിയുന്ന ഏറ്റവും മികച്ച തീരുമാനമാണിതെന്നാണ് ലിങ്ക്ഡ്ഇനിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.




