2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

രണ്ട് തല, നാല് കണ്ണുകൾ, ഒറ്റ ശരീരം! ഗുജറാത്തിൽ ‘അത്യപൂ‍‍ർവ്വ’ പാമ്പിനെ രക്ഷപ്പെടുത്തി; കാഴ്ച കണ്ട് ഞെട്ടി നാട്ടുകാർ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 03:43 PM
പങ്കുവെക്കുക:
രണ്ട് തല, നാല് കണ്ണുകൾ, ഒറ്റ ശരീരം! ഗുജറാത്തിൽ ‘അത്യപൂ‍‍ർവ്വ’ പാമ്പിനെ രക്ഷപ്പെടുത്തി; കാഴ്ച കണ്ട് ഞെട്ടി നാട്ടുകാർ
രണ്ട് തല, നാല് കണ്ണുകൾ, ഒറ്റ ശരീരം! ഗുജറാത്തിൽ ‘അത്യപൂ‍‍ർവ്വ’ പാമ്പിനെ രക്ഷപ്പെടുത്തി; കാഴ്ച കണ്ട് ഞെട്ടി നാട്ടുകാർകേരളപ്രഭാതം

ഗുജറാത്തിലെ ദാഹോദിൽ രണ്ട് തലയും നാല് കണ്ണുകളുമുള്ള അപൂർവ വിഷമില്ലാത്ത വുൾഫ് സ്നേക്കിനെ രക്ഷപ്പെടുത്തി. 'ബൈസെഫലി' എന്ന വൈകല്യം മൂലമുള്ള ഇത്തരം പാമ്പുകളുടെ അതിജീവനം കടുത്ത വെല്ലുവിളിയാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

ദാഹോദ്: രണ്ട് തലകളും നാല് കണ്ണുകളുമുള്ള അപൂർവ വുൾഫ് സ്നേക്കിനെ (വെള്ളിവരയൻ) ഗുജറാത്തിൽ രക്ഷപ്പെടുത്തി. ദാഹോദ് ജില്ലയിലെ ധൻപൂർ താലൂക്കിൽ ഉൾപ്പെട്ട അഗസ്വാനി ഗ്രാമത്തിലെ കൃഷിയിടത്തിൽ നിന്നാണ് ഏകദേശം ആറ് ഇഞ്ച് നീളമുള്ള പാമ്പിനെ കണ്ടെത്തിയത്.

വിഷമില്ലാത്ത ഇനത്തിൽപ്പെട്ട ഈ പാമ്പിന് രണ്ട് തലകളുള്ള അവസ്ഥ സംസ്ഥാനത്ത് ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. കൃഷിയിടത്തിൽ പാമ്പിനെ കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ദാഹോദ് പ്രകൃതി മിത്ര മണ്ഡൽ പ്രവർത്തകരെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. തുടർന്ന് ചിത്രങ്ങൾ വിദഗ്ധർക്ക് അയച്ചുകൊടുത്താണ് വുൾഫ് സ്നേക്കാണെന്ന് സ്ഥിരീകരിച്ചത്.

കാരണം 'ബൈസെഫലി'

ഭ്രൂണവളർച്ചയ്ക്കിടെ ശരീരം പൂർണമായി വേർപെടാതെ പോകുന്നതിനെ തുടർന്ന് രണ്ട് തലകൾ രൂപപ്പെടുന്ന അപൂർവ വികസന വൈകല്യമായ ‘ബൈസെഫലി’ (Bicephaly) എന്ന അവസ്ഥയാണിതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. രണ്ട് തലകൾക്കും പ്രത്യേക കണ്ണുകളുണ്ടെങ്കിലും ഒരേ ശരീരത്തിലാണ് ഇവ ഘടിപ്പിച്ചിരിക്കുന്നത്. ഇരു തലകളും സ്വതന്ത്രമായി ചലിക്കുന്ന രീതിയിലാണ് ഉള്ളത്.

ഇന്ത്യയിൽ ഇതിനുമുമ്പ് രണ്ട് മൂർഖൻ പാമ്പുകളിലും രണ്ട് വുൾഫ് സ്നേക്കുകളിലും ഇത്തരം അവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെയും ഗുജറാത്തിലെ ആദ്യത്തേതുമായ സംഭവമാണിത്.

അതിജീവനം വെല്ലുവിളി

രണ്ട് തലകൾക്കും സ്വതന്ത്രമായി പ്രതികരിക്കാൻ സാധിക്കുമെന്നതിനാൽ ഇരപിടിക്കുന്നതിലും സഞ്ചരിക്കുന്നതിലും അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിലും ഏകോപനമില്ലായ്മ ഉണ്ടാകാൻ സാധ്യതയേറെയാണ്. അതിനാൽ ഇത്തരം പാമ്പുകളുടെ അതിജീവനം വലിയ വെല്ലുവിളിയാണെന്ന് വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പാമ്പ് നിലവിൽ വനംവകുപ്പിന്റെ സംരക്ഷണയിലാണ്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)