“എനിക്കെതിരെ 45 എഫ്.ഐ.ആറുകളുണ്ട്, 100 എണ്ണമാണ് എന്റെ ലക്ഷ്യം”: രാഹുൽ ഗാന്ധി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പ്രതിപക്ഷ നേതാക്കളെ പ്രതിരോധത്തിലാക്കാൻ കേസെടുക്കുന്ന സർക്കാർ നടപടിയെ 45 എഫ്.ഐ.ആറുകൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി പരിഹസിച്ചു. വോട്ട് മോഷണത്തിനെതിരെ ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ 'ഇന്ത്യ' മുന്നണി, ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി.
ന്യൂഡൽഹി: ആകാശവാണി ഭവനിൽ അനുമതിയില്ലാതെ പ്രവേശിച്ച് ധർണ നടത്തിയ സംഭവത്തിൽ കേസെടുത്ത ഡൽഹി പൊലീസിന്റെ നടപടിയെ പരിഹസിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. "എനിക്കെതിരെ നിലവിൽ 45 എഫ്.ഐ.ആറുകളുണ്ട്, ഇത് 100 തികയ്ക്കുകയാണ് എന്റെ ലക്ഷ്യം" എന്ന് അദ്ദേഹം പ്രതികരിച്ചു. ചൊവ്വാഴ്ച കെട്ടിട വളപ്പിൽ ആറ് മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരം നടത്തിയതിന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കെതിരെ ബുധനാഴ്ചയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഡൽഹിയിലെ ധർണയ്ക്കും കരുതൽ തടങ്കലിനും പിന്നാലെ ഭാവി പ്രക്ഷോഭ തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനായി 'ഇന്ത്യ' മുന്നണി നേതാക്കൾ ബുധനാഴ്ച ഒത്തുകൂടി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ക്ഷണപ്രകാരം ഡൽഹി ജൻപഥിലെ സാഗർ രത്ന റെസ്റ്റോറന്റിലായിരുന്നു പ്രതിപക്ഷ എം.പിമാരുടെ ഉച്ചഭക്ഷണവിരുന്നും യോഗവും. "വോട്ട് ചോരി" (വോട്ട് മോഷണം) വിഷയം ജനങ്ങളിലേക്ക് എത്തിക്കുമെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം കടുപ്പിക്കുമെന്നും ഖാർഗെ വ്യക്തമാക്കി.
ഉച്ചഭക്ഷണത്തിന് ശേഷം പ്രതിപക്ഷ എം.പിമാർ ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. "മുന്നൂറോളം എം.പിമാർക്ക് ചീഫ് ഇലക്ഷൻ കമ്മീഷണറെ കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് അധികൃതർ അനുമതി നൽകിയില്ല. അതിനാൽ സമരവേദിയായ ജന്തർ മന്തറിലേക്ക് പോയി ഒന്നിച്ച് കുത്തിയിരിക്കാനാണ് ഇന്നത്തെ തീരുമാനം. ജ്ഞാനേഷ് കുമാർ രാജ്യത്തിന്റെ നിയമപരമായ ഇലക്ഷൻ കമ്മീഷണറല്ല എന്ന് ഞങ്ങൾ ജനങ്ങളോട് പറയും. മോദിയും അമിത് ഷായും മോഹൻ ഭാഗവതും ജ്ഞാനേഷ് കുമാറും ചേർന്ന് രാജ്യത്തെ ജനാധിപത്യം തകർത്തു," രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ജൻപഥിൽ നിന്ന് ബസ്സുകളിലാണ് എം.പിമാർ ജന്തർ മന്തറിലേക്ക് പുറപ്പെട്ടത്. അതിനിടെ, പ്രതിഷേധം കണക്കിലെടുത്ത് ജന്തർ മന്തറിലേക്കുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡുകൾ വെച്ച് അടച്ചിരുന്നു. അതേസമയം, കേസ് എടുത്തതിനെ ഭയക്കുന്നില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. രാഹുലിനെതിരെയുള്ള കേസുകളെ കാര്യമാക്കുന്നില്ലെന്നും രാജ്യത്തുടനീളം ഇത്തരത്തിലുള്ള നൂറുകണക്കിന് കേസുകൾ നിലവിലുണ്ടെന്നും കോൺഗ്രസ് സംഘടനാ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു.




