ഡൽഹി മെട്രോ നിയന്ത്രണങ്ങൾ നീട്ടി, 45 സ്റ്റേഷനുകൾ രാത്രി 10 വരെ അടച്ചിടും
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സുരക്ഷാ കാരണങ്ങളാൽ ഡൽഹി മെട്രോയുടെ 45 സ്റ്റേഷനുകൾ രാത്രി 10 മണി വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ക്രമസമാധാന നില കണക്കിലെടുത്ത് ഡൽഹി പൊലീസിന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടി.
ഡൽഹി: തലസ്ഥാനത്ത് സുരക്ഷാ ഏജൻസികളുടെ നിർദ്ദേശപ്രകാരം ഡൽഹി മെട്രോയുടെ നിയന്ത്രണങ്ങൾ കൂടുതൽ സമയത്തേക്ക് നീട്ടി. സുരക്ഷാ കാരണങ്ങളാൽ പ്രധാനപ്പെട്ട 45 മെട്രോ സ്റ്റേഷനുകൾ ഇന്ന് രാത്രി 10 മണി വരെ അടച്ചിടുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) അറിയിച്ചു.
വിവിധ ഇടങ്ങളിൽ പ്രഖ്യാപിച്ച പ്രതിഷേധങ്ങളും ക്രമസമാധാന സാഹചര്യങ്ങളും കണക്കിലെടുത്താണ് ഡൽഹി പൊലീസിന്റെ നിർദേശപ്രകാരം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. അടച്ചിട്ടിരിക്കുന്ന സ്റ്റേഷനുകളിൽ യാത്രക്കാരുടെ പ്രവേശനവും പുറത്തേക്കുള്ള വഴികളും പൂർണ്ണമായും തടഞ്ഞിട്ടുണ്ട്. എന്നാൽ, ഈ സ്റ്റേഷനുകൾ വഴി മറ്റ് ലൈനുകളിലേക്ക് മാറുന്നതിനുള്ള യാത്രാ സൗകര്യം (Interchange) മാത്രം ലഭ്യമായിരിക്കും.
രാത്രി 10 മണിക്ക് ശേഷം സുരക്ഷാ ഏജൻസികളുടെ പുനഃപരിശോധനയ്ക്കും വിലയിരുത്തലുകൾക്കും ശേഷമായിരിക്കും സർവീസുകൾ സാധാരണ നിലയിലാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സുരക്ഷ മുൻനിർത്തി മെട്രോ യാത്രക്കാർ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും ഡി.എം.ആർ.സിയുടെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.




