ജമ്മു കശ്മീരിൽ സിഐഎസ്എഫ് ജവാൻ ഡ്യൂട്ടിക്കിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ജമ്മു കശ്മീരിൽ ഡ്യൂട്ടിക്കിടെ സി.ഐ.എസ്.എഫ് ജവാൻ മുഹമ്മദ് മുഷ്താഖ് (37) ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു.
ശ്രീനഗർ: ജമ്മു കശ്മീരിൽ ഡ്യൂട്ടിക്കിടെ സി.ഐ.എസ്.എഫ് ജവാൻ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു. റിയാസി ജില്ലയിലെ മാർഡി സ്വദേശിയായ മുഹമ്മദ് മുഷ്താഖ് (37) ആണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ മുഷ്താഖിനെ ആദ്യം റിയാസി ജില്ലാ ആശുപത്രിയിലും, നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിയേറ്റ നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചതെന്ന് റിയാസി ജില്ലാ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് കരം വീർ സിങ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ ലഭ്യമായ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ പരിചരണത്തിനായി മറ്റു കേന്ദ്രങ്ങളിലേക്ക് നിർദേശിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ പൊലീസും സി.ഐ.എസ്.എഫും പ്രത്യേകം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്വയിലെ മഷ്ക ജലവൈദ്യുത നിലയത്തിൽ സഹപ്രവർത്തകർ തമ്മിലുണ്ടായ വെടിവെപ്പിൽ അസിസ്റ്റന്റ് കമാൻഡന്റ് അടക്കം നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ജമ്മു കശ്മീരിൽ വീണ്ടും സമാനമായ വെടിവെപ്പുണ്ടാകുന്നത്.




