ദില്ലി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി, മുതിർന്ന ഉദ്യോഗസ്ഥൻ ഹാജരാകണമെന്ന് സുപ്രീം കോടതി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ദില്ലി പോലീസ് വനിതാ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന ഹർജികൾ സുപ്രീം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ദില്ലി പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അന്ന് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.
ദില്ലി പോലീസ് വനിതാ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്നതടക്കമുള്ള ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കോൺഗ്രസ് പ്രവർത്തകർ സുപ്രീം കോടതിക്കകത്ത് മുദ്രാവാക്യം വിളിച്ചതിനെതിരായ ബി.ജെ.പി ഹർജിയും അന്ന് പരിഗണിക്കും. ദില്ലി പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യാഴാഴ്ച ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾ നേരിടാനുള്ള പോലീസ് നടപടിക്കിടെ വനിതാ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയുള്ള മൂന്ന് ഹർജികളും ജന്തർമന്തർ സമരവേദിയല്ലാതാക്കിയ പോലീസ് ഉത്തരവിനെതിരായ ഹർജിയുമാണ് ഇന്ന് സുപ്രീം കോടതിയിൽ പരാമർശിച്ചത്. എന്നാൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് വി. മോഹനന് അസുഖമായതിനാൽ ഇന്ന് ഹർജികൾ വിശദമായി കേട്ടില്ല. സുപ്രീം കോടതി രജിസ്ട്രിയിൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ എത്തിയപ്പോൾ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതിന് എതിരായി ബി.ജെ.പി നേതാവ് ഗൗരവ് ഭാട്ടിയ നൽകിയ ഹർജിയും വ്യാഴാഴ്ച കേൾക്കും. കൂടാതെ, 'ഇന്ത്യാ' സഖ്യം ഇന്നലെ നൽകിയ ഹർജിയിലെ കോർട്ട് ഫീയുടെ കുറവ് ഉൾപ്പെടെയുള്ള 14 പിഴവുകൾ തിരുത്തി നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അടുത്തയാഴ്ച ദസറ അവധിയായതിനാൽ ഗ്യാനേഷ് കുമാറിനെതിരായ ഹർജികളിൽ തീരുമാനം വൈകാനാണ് സാധ്യത.




