2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കാട്ടാനക്കൂട്ടത്തിന് കടന്നുപോകണം, സകലരും കാത്തുനിന്നു, വഴിയൊരുക്കി വനപാലകർ, വീഡിയോ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 03:08 PM
പങ്കുവെക്കുക:
കാട്ടാനക്കൂട്ടത്തിന് കടന്നുപോകണം, സകലരും കാത്തുനിന്നു, വഴിയൊരുക്കി വനപാലകർ, വീഡിയോ
കാട്ടാനക്കൂട്ടത്തിന് കടന്നുപോകണം, സകലരും കാത്തുനിന്നു, വഴിയൊരുക്കി വനപാലകർ, വീഡിയോകേരളപ്രഭാതം

തിരക്കേറിയ റോഡിൽ വാഹനങ്ങൾ തടഞ്ഞും പാളത്തിൽ ട്രെയിൻ നിർത്തിച്ചും കാട്ടാനക്കൂട്ടത്തിന് സുരക്ഷിത പാതയൊരുക്കിയ വനപാലകരുടെ ധീരമായ ഇടപെടലിന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെയും സോഷ്യൽ മീഡിയയുടെയും വൻ പ്രശംസ.

മനുഷ്യനും വന്യജീവികളും തമ്മിലുള്ള മനോഹരമായ സഹവർത്തിത്വത്തിന് മാതൃകയായി പശ്ചിമ ബംഗാളിലെ വനപാലകർ. തിരക്കേറിയ റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ വഴിയൊരുക്കിയ കുർസിയോങ് ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്.

പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ഈ അപൂർവ്വ ദൃശ്യങ്ങൾ എക്സിൽ (ട്വിറ്റർ) പങ്കുവെച്ചത്. “മനുഷ്യരെയും വന്യജീവികളെയും ഒരുപോലെ സംരക്ഷിക്കുന്നത് ഇങ്ങനെയാണ്” എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പോസ്റ്റ് ചെയ്തത്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ മനോഹരമായ കാഴ്ചയെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. വനമേഖലകളിലൂടെയുള്ള പാതകളിൽ പാലിക്കേണ്ട സംയമനത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും മികച്ച ഉദാഹരണമാണ് ഈ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോഡിൽ ആനക്കൂട്ടം ഇറങ്ങിയതോടെ വാഹനങ്ങൾ നിർത്തിയിട്ട് വനപാലകർ സുരക്ഷ ഉറപ്പാക്കുകയായിരുന്നു. യാതൊരുവിധ ബഹളങ്ങളോ ആനകളെ ഭയപ്പെടുത്തുന്ന നീക്കങ്ങളോ നടത്താതെ യാത്രക്കാരും പൂർണ്ണമായി സഹകരിച്ചു. വീഡിയോ വൈറലായതോടെ വന്യജീവികളുടെ സ്വാഭാവിക സഞ്ചാരപാതകളിൽ മേൽപ്പാലങ്ങളോ അടിപ്പാതകളോ നിർമ്മിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകളാണ് കമന്റ് ബോക്സിൽ രംഗത്തെത്തിയത്.

ട്രെയിൻ തടഞ്ഞ് വനപാലകൻ ഒഴിവാക്കിയത് വൻ ദുരന്തം

മറ്റൊരു സംഭവത്തിൽ, റെയിൽവേ പാളത്തിലൂടെ കടന്നുപോകുകയായിരുന്ന കാട്ടാനക്കൂട്ടത്തെ രക്ഷിക്കാൻ ജീവൻ പണയം വെച്ച് ട്രെയിൻ തടഞ്ഞ വനപാലകനും കൈയടി നേടുകയാണ്. കുർസിയോങ് ഡിവിഷനിലെ വനപാലകനായ ആകാശ് കെർകെറ്റയാണ് ചുവന്ന തുണി വീശി ട്രെയിൻ നിർത്തിച്ചത്.

ബാഗ്ഡോഗ്ര - നക്സൽബാരി റൂട്ടിൽ വന്ന സിക്കിം മഹാനന്ദ എക്സ്പ്രസിന് മുന്നിലേക്കാണ് ആകാശ് കെർകെറ്റ ചുവപ്പുകൊടിയുമായി ചാടിവീണത്. വനപാലകന്റെ സമയോചിതമായ ഇടപെടലും ട്രെയിൻ ലോക്കോ പൈലറ്റുമാരുടെ സമാധാനപരമായ തീരുമാനവും കാരണം വൻ ദുരന്തമാണ് ഒഴിവായത്. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ പർവീൺ കാസ്വാനാണ് ഈ സമയോചിത ഇടപെടലിന്റെ വീഡിയോ പങ്കുവെച്ചത്. വന്യജീവി സംരക്ഷണത്തിനായി ജീവനക്കാർ നടത്തുന്ന ഇത്തരം ധീരമായ ഇടപെടലുകൾക്ക് വൻ ജനശ്രദ്ധയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)