ഒഡിഷയിൽ നിന്ന് കേരളത്തിലേക്ക് വന്ന ഇന്നോവ കാറിൽ 2 മലയാളികൾ, പരിശോധിച്ച പൊലീസ് കണ്ടെത്തിയത് 317 കിലോ കഞ്ചാവ്, വില 3 കോടിയിലധികം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഒഡിഷയിൽ നിന്ന് കേരളത്തിലേക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന 3 കോടി രൂപ വിലവരുന്ന 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ ബെംഗളൂരുവിൽ പിടിയിലായി. ഇടുക്കി കുമാരമംഗലത്തേക്കാണ് ഇത് കൊണ്ടുപോയിരുന്നതെന്ന് പ്രതികൾ സമ്മതിച്ചു.
ബെംഗളൂരു: ഒഡിഷയിൽ നിന്ന് കേരളത്തിലേക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ അറസ്റ്റിൽ. രാജ്യാന്തര വിപണിയിൽ മൂന്ന് കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നുമായി വിഷ്ണു, ചാന്ദ് പാഷ എന്നിവരെയാണ് ബെംഗളൂരു കുമ്പളഗോഡ് പൊലീസ് പിടികൂടിയത്. ഇടുക്കി കുമാരമംഗലത്തേക്കാണ് കഞ്ചാവ് കൊണ്ടുപോയിരുന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.
ഒഡിഷയിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ ആസൂത്രിത നീക്കം. കമ്പിപുരയിലെ ഈദ്ഗാഹ് ഗ്രൗണ്ടിന് സമീപം കാത്തുനിന്ന പൊലീസ് സംഘം ഇന്നോവ കാർ വളഞ്ഞ് തടഞ്ഞുനിർത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
സഞ്ചാരപഥം ഇങ്ങനെ: ഒക്ടോബർ 6ന് ബെംഗളൂരുവിൽ എത്തിയ പ്രതികൾ, ആർടി നഗറിൽ നിന്ന് വാടകയ്ക്കടുത്ത റെന്റ് എ കാറുമായാണ് ഒഡിഷയിലേക്ക് പോയത്. ഞായറാഴ്ച തിരിച്ചെത്തിയ ശേഷം ബൊമ്മസാന്ദ്രയിൽ തങ്ങിയ സംഘം, തിങ്കളാഴ്ച കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുമ്പളഗോഡ് പൊലീസിന്റെ വലയിലായത്.
സൗത്ത്-വെസ്റ്റ് ഡിവിഷൻ ഡിസിപി സൗമ്യലത എസ്.കെ., കെങ്കേരി എസിപി സത്യവതി കെ.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്. ഒഡിഷയിൽ നിന്ന് കഞ്ചാവ് നൽകിയ പ്രധാന കണ്ണിയെക്കുറിച്ചും കേരളത്തിലെ മറ്റ് ഇടനിലക്കാരെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




