ദില്ലിയിൽ ഹോസ്റ്റലുകളുടെ വാതിൽക്കൽ വരെ പൊലീസ്! ഒക്ടോബർ 10-ലെ പ്രതിഷേധം നേരിടാൻ 500-ലേറെ വനിതാ പൊലീസിനെ വിന്യസിക്കും
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഒക്ടോബർ 10-ലെ ജന്തർമന്തർ പ്രതിഷേധം നേരിടാൻ 500-ലേറെ വനിതാ പോലീസിനെയും വൻ സുരക്ഷാ സന്നാഹങ്ങളെയും വിന്യസിച്ച് ദില്ലി പോലീസ്. ഹോസ്റ്റലുകളിലും അതിർത്തികളിലും നിരീക്ഷണം ശക്തമാക്കിയ പോലീസ്, വൻ പ്രക്ഷോഭം തടയാനുള്ള നടപടികൾ ഊർജ്ജിതമാക്കി.
ദില്ലി: ഒക്ടോബർ 10-ന് ജന്തർമന്തറിൽ വിവിധ വിദ്യാർത്ഥി സംഘടനകളെ അണിനിരത്തി സി.ജെ.പി നടത്തുന്ന വൻ പ്രതിഷേധ റാലിക്കെതിരെ കടുത്ത നിയന്ത്രണങ്ങളുമായി ദില്ലി പോലീസ്. പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് സുരക്ഷാ വലയം ശക്തമാക്കുകയും 500-ലേറെ വനിതാ പോലീസുകാരെ വിന്യസിക്കുകയും ചെയ്തു.
വിദ്യാർത്ഥി പ്രക്ഷോഭത്തിൽ സ്ത്രീകളടക്കം വലിയ തോതിൽ ആളുകൾ പങ്കാളികളാകുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് പോലീസിന്റെ നീക്കം. പ്രതിഷേധത്തിന് എത്തുന്നവരെ അതിർത്തികളിൽ തന്നെ തടയാൻ വ്യാപക പരിശോധനയാണ് പുരോഗമിക്കുന്നത്. ജന്തർമന്തറിന് സമീപത്തെ റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, പേയിംഗ് ഗസ്റ്റ് (പി.ജി) കേന്ദ്രങ്ങൾ, ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ച് പോലീസ് നിരീക്ഷണം ശക്തമാക്കി. അപരിചിതരോ സംശയാസ്പദമായ സാഹചര്യങ്ങളോ കണ്ടാൽ ഉടൻ വിവരം അറിയിക്കണമെന്ന് ഉടമകൾക്ക് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
നഗര അതിർത്തികളിൽ കർശന പരിശോധന ഏർപ്പെടുത്തിയ പോലീസ്, ക്രിമിനൽ പശ്ചാത്തലമുള്ളവരെ തടയാനാണ് നടപടിയെന്നാണ് അവകാശപ്പെടുന്നത്. ഗതാഗത തടസ്സം ഒഴിവാക്കാനെന്ന പേരിലാണ് വലിയ രീതിയിലുള്ള പോലീസ് സന്നാഹത്തെ തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.




