കേരള ബാങ്ക് പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാർ; ലക്ഷ്യം ജില്ലാ സഹകരണ ബാങ്കുകളെ സ്വതന്ത്രമായി പുനഃസ്ഥാപിക്കൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കുമെന്നും ജില്ലാ സഹകരണ ബാങ്കുകളെ സ്വതന്ത്രമായി പുനഃസ്ഥാപിക്കുമെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ കേരള ബാങ്കുമായുള്ള ലയനക്കേസിൽ സുപ്രീംകോടതിയിൽ നൽകിയ അധിക സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ജില്ലാ സഹകരണ ബാങ്കുകളെ സ്വതന്ത്രവും ജനാധിപത്യപരവുമായ സ്ഥാപനങ്ങളായി പുനഃസ്ഥാപിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
സഹകരണ ബാങ്കിങ് മേഖലയിൽ ദേശീയതലത്തിലുള്ള ത്രിതല സംവിധാനം നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരള സഹകരണ സംഘ നിയമത്തിലെ ഭേദഗതികൾ പിൻവലിക്കാനോ റദ്ദാക്കാനോ ഉള്ള നിയമനടപടികൾ സ്വീകരിക്കും.
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് വിവിധ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചത്. എന്നാൽ, അന്നത്തെ യു.ഡി.എഫ് ഭരണസമിതിയുടെ കീഴിലായിരുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഈ ലയനത്തോട് സഹകരിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടം കോടതിയിൽ നിലനിൽക്കെയാണ് സർക്കാർ സുപ്രീംകോടതിയിൽ പുതിയ നിലപാട് അറിയിച്ചിരിക്കുന്നത്.




