വ്യാപാരികൾക്ക് ആശ്വാസം: 2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ വാണിജ്യ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടർന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ നീട്ടിവെച്ചു. ഡിജിറ്റൽ പണമിടപാടുകളെ ബാധിക്കുമെന്നതിനാൽ ഫീസ് പിൻവലിക്കണമെന്നും അല്ലെങ്കിൽ പരിധി 10,000 രൂപയായി ഉയർത്തണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.
ന്യൂഡൽഹി: രണ്ടായിരം രൂപക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവെച്ചതായി നാഷണൽ പേയ്മെന്റ് കോർപറേഷൻ (എൻ.പി.സി.ഐ) അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. യു.പി.ഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ രാജ്യവ്യാപകമായി വ്യാപാരികളിൽനിന്ന് ശക്തമായ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
നേരത്തെ, 2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ പേയ്മെന്റുകൾക്ക് 0.25 ശതമാനം മുതൽ 0.4 ശതമാനം വരെ നിരക്ക് ഈടാക്കാനായിരുന്നു എൻ.പി.സി.ഐ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ ഒക്ടോബർ 15 മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും 2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ പേയ്മെന്റുകൾ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു.
ദീപാവലിക്ക് ശേഷം നിരക്ക് നിലവിൽ വരുത്താനാണ് എൻ.പി.സി.ഐ തത്ത്വത്തിൽ ലക്ഷ്യമിടുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ഉത്സവകാലയളവിൽ രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകളിൽ വലിയ വർധന രേഖപ്പെടുത്താറുണ്ട്. ഈ ഘട്ടത്തിൽ ഫീസ് ഏർപ്പെടുത്തുന്നത് ഡിജിറ്റൽ പണമിടപാടുകളെ നിരുത്സാഹപ്പെടുത്തുമെന്നാണ് വ്യാപാരികളുടെ ആശങ്ക.
2,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കം പൂർണമായും പിൻവലിക്കണമെന്നും അല്ലെങ്കിൽ ഫീസ് ബാധകമാകുന്ന തുകയുടെ പരിധി 10,000 രൂപക്ക് മുകളിലുള്ള ഇടപാടുകളായി ഉയർത്തണമെന്നും വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു.




