2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഐഫോൺ 18ന് വില ഒരു ലക്ഷത്തിനടുത്തോ? ആപ്പിളിന്റെ പുതിയ ഫോണിനെക്കുറിച്ച് നിർണായക സൂചനകൾ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 15, വ്യാഴം | 07:35 AM
പങ്കുവെക്കുക:
ഐഫോൺ 18ന് വില ഒരു ലക്ഷത്തിനടുത്തോ? ആപ്പിളിന്റെ പുതിയ ഫോണിനെക്കുറിച്ച് നിർണായക സൂചനകൾ
ഐഫോൺ 18ന് വില ഒരു ലക്ഷത്തിനടുത്തോ? ആപ്പിളിന്റെ പുതിയ ഫോണിനെക്കുറിച്ച് നിർണായക സൂചനകൾകേരളപ്രഭാതം

ആപ്പിൾ ഐഫോൺ 18-ന്റെ പ്രാരംഭ വില ഒരു ലക്ഷത്തോട് അടുക്കുമെന്നാണ് നിലവിലെ വിപണി സൂചനകൾ. പുതിയ എ20 ചിപ്പും ആപ്പിൾ ഇന്റലിജൻസും ഉൾപ്പെടെയുള്ള മികച്ച ഫീച്ചറുകളോടെ എത്തുന്ന ഫോണിന്റെ പ്രോ മോഡലുകൾക്ക് വലിയ വില വർധനവുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ആപ്പിളിന്റെ പുതിയ തലമുറ സ്മാർട്ട്‌ഫോണായ ഐഫോൺ 18 വിപണിയിലെത്താൻ മാസങ്ങൾ മാത്രം ശേഷിക്കെ, ഫോണിന്റെ വിലയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. പ്രാരംഭ വില ഒരു ലക്ഷത്തോട് അടുക്കുമെന്നാണ് നിലവിലെ വിപണി സൂചനകൾ. പുതിയ എ20 ചിപ്പ്, മെച്ചപ്പെട്ട റാം, ആപ്പിൾ ഇന്റലിജൻസ് തുടങ്ങിയ അത്യാധുനിക ഫീച്ചറുകളോടെയാണ് ഫോൺ എത്തുന്നതെങ്കിലും, ഘടകങ്ങളുടെ ഉൽപ്പാദനച്ചെലവ് വർധിച്ചത് പ്രോ മോഡലുകളുടെ വിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം.

ഐഫോൺ 17ന്റെ വിലയിലുണ്ടായ വൻ വർധനയും പുതിയ പ്രോ മോഡലുകൾക്ക് വില കൂടുമെന്ന റിപ്പോർട്ടുകളും ആപ്പിൾ ഉപഭോക്താക്കൾക്കിടയിൽ ഇതിനകം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഐഫോൺ 18ന് ഏകദേശം ഒരു ലക്ഷം രൂപയോട് അടുത്ത വിലയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

വിലക്കയറ്റത്തിന്റെ വഴിയിൽ ആപ്പിൾ

ഇന്ത്യയിൽ 79,900 രൂപ പ്രാരംഭ വിലയിലാണ് ഐഫോൺ 17 വിപണിയിലെത്തിച്ചത്. എന്നാൽ നിലവിൽ ഫോണിന്റെ ഔദ്യോഗിക വില 99,900 രൂപയായി ഉയർന്നിരിക്കുകയാണ്. ഏകദേശം 20,000 രൂപയുടെ വർധനവാണ് ഇതിലൂടെ ഉണ്ടായത്. ഓൺലൈൻ വിൽപ്പനയിലൂടെയും ബാങ്ക് ഓഫറുകളിലൂടെയും മുൻകാലങ്ങളിൽ ഇളവുകൾ ലഭിച്ചിരുന്നെങ്കിലും, നിലവിലെ ഉയർന്ന വില സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ വെല്ലുവിളിയാണ്.

ഐഫോൺ 18ന്റെ ഇന്ത്യയിലെ വില ആപ്പിൾ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും നിലവിലെ വിപണിയിലെ വിലനിലവാരം പരിഗണിക്കുമ്പോൾ പുതിയ മോഡലിന് ഏകദേശം 99,900 രൂപ വില പ്രതീക്ഷിക്കാം. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വില പിടിച്ചുനിർത്താൻ കമ്പനി ശ്രമിച്ചേക്കുമെങ്കിലും, നിർമാണ ഘടകങ്ങളുടെ വിലക്കയറ്റം ഇതിനെ പ്രതികൂലമായി ബാധിച്ചേക്കാം.

പ്രോ മോഡലുകൾക്ക് വൻ വില വർധന?

ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് ഏകദേശം 30,000 രൂപ വരെ വില വർധനയുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഘടകങ്ങളുടെ നിർമാണച്ചെലവ് കുതിച്ചുയരുന്നത് ആപ്പിളിന് തലവേദനയായി മാറിയിട്ടുണ്ട്. അതിനാൽ അടിസ്ഥാന ഐഫോൺ 18 മോഡലിന്റെ വിലയും വർധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

അതേസമയം, വിലകൂടിയ ഫോണുകൾ വാങ്ങുന്നതിൽ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ, ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകൾക്കായുള്ള ഘടകങ്ങളുടെ ഉൽപ്പാദനം 15 ശതമാനം വരെ കുറയ്ക്കാൻ ആപ്പിൾ വിതരണക്കാരോട് ആവശ്യപ്പെട്ടതായി 'നികെയ് ഏഷ്യ' റിപ്പോർട്ട് ചെയ്തിരുന്നു.

പുതിയ ഐഫോണിൽ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ

ഡിസൈൻപരമായി ഐഫോൺ 18ൽ 6.3 ഇഞ്ച് ഡിസ്‌പ്ലേ തന്നെ തുടർന്നേക്കുമെന്നാണ് സൂചന. എന്നാൽ പ്രകടനക്ഷമതയിൽ വൻ കുതിച്ചുചാട്ടമുണ്ടാകും. 3 നാനോമീറ്റർ സാങ്കേതികവിദ്യയ്ക്ക് പകരം അത്യാധുനിക 2 നാനോമീറ്റർ നിർമാണപ്രക്രിയയിൽ തയ്യാറാക്കുന്ന പുതിയ എ20 ചിപ്പ് ഫോണിൽ ഉൾപ്പെടുത്തിയേക്കും. ഇത് ഫോണിന്റെ വേഗതയും ഊർജക്ഷമതയും വർധിപ്പിക്കാനും ബാറ്ററി ഉപഭോഗം ഗണ്യമായി കുറയ്ക്കാനും സഹായിക്കും.

റാഫിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ശ്രദ്ധേയമായ മാറ്റങ്ങൾ

റാമിന്റെ കാര്യത്തിൽ വ്യത്യസ്ത റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 9 ജിബി റാം ലഭിക്കുമെന്ന് പ്രമുഖ വിശകലന വിദഗ്ധനായ മിങ്-ചി കുവോ വിലയിരുത്തുമ്പോൾ, 12 ജിബി റാം ഉണ്ടാകുമെന്നാണ് ജെഫ് പുവിന്റെ പ്രവചനം. റാമിന്റെ ഈ വർധനവ് ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളുടെ പ്രവർത്തനക്ഷമതയെ നിർണായകമായി സ്വാധീനിക്കും.

കൂടുതൽ തെളിച്ചമുള്ള ഡിസ്‌പ്ലേ, ചെറുതായ ഡൈനാമിക് ഐലൻഡ്, ആപ്പിളിന്റെ പുതിയ സി2 മോഡം എന്നിവയും പുതിയ ഫോണിൽ പ്രതീക്ഷിക്കുന്ന മറ്റ് പ്രധാന സവിശേഷതകളാണ്. എങ്കിലും കമ്പനി ഇക്കാര്യങ്ങളെല്ലാം ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്.

വിലയും ഫീച്ചറുകളും സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായി തുടരുമ്പോഴും ഐഫോൺ 18ന്റെ അന്തിമ വില സംബന്ധിച്ച് വ്യക്തത വരാൻ ആപ്പിളിന്റെ ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വരും. ഉയർന്ന വില ഉപഭോക്താക്കളുടെ വാങ്ങൽ തീരുമാനങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നതും വരും ദിവസങ്ങളിൽ നിർണായകമാകും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)