കൂപ്പുകുത്തി ഇന്ത്യൻ രൂപ! രക്ഷിക്കാന് ആര്ബിഐയുടെ കടുത്ത നടപടി; എണ്ണക്കമ്പനികള്ക്ക് നേരിട്ട് ഡോളര് സഹായം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

രൂപയുടെ മൂല്യത്തകര്ച്ച തടയാന് എണ്ണക്കമ്പനികള്ക്ക് നേരിട്ട് ഡോളര് നല്കാന് റിസര്വ് ബാങ്ക് പ്രത്യേക വിന്ഡോ തുറന്നു. കൂടാതെ, വിപണിയിലെ ചാഞ്ചാട്ടം ഒഴിവാക്കാന് ഡെറിവേറ്റീവ് വ്യാപാരങ്ങളില് കര്ശന നിയന്ത്രണങ്ങളും ഏര്പ്പെടുത്തി.
ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് ഇന്ത്യൻ രൂപ കൂപ്പുകുത്തുമ്പോൾ, വിപണിയെ പിടിച്ചുനിർത്താൻ കർശന നടപടികളുമായി റിസർവ് ബാങ്ക് (ആർബിഐ). രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് അടുക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ബാങ്കിന്റെ അടിയന്തര ഇടപെടൽ.
കഴിഞ്ഞ ദിവസത്തെ വ്യാപാരം അവസാനിച്ചപ്പോൾ ഒരു അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 96.73 എന്ന നിലവാരത്തിലെത്തി. കഴിഞ്ഞ മെയ് മാസത്തിൽ രേഖപ്പെടുത്തിയ സർവ്വകാല റെക്കോർഡ് താഴ്ചയായ 96.96-നോടടുത്താണ് നിലവിൽ രൂപയുടെ വ്യാപാരം നടക്കുന്നത്. പലിശ നിരക്കുകൾ ഉയർത്തിയും വിപണിയിൽ ഡോളർ വിറ്റുനൽകിയിട്ടും രൂപയുടെ മൂല്യത്തകർച്ച തടയാനാകാതെ വന്നതോടെയാണ് ആർബിഐ കൂടുതൽ ശക്തമായ നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുന്നത്.
എണ്ണക്കമ്പനികൾക്ക് ഡോളർ സഹായം: പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ (ഐഒസി), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ), ഭാരത് പെട്രോളിയം (ബിപിസിഎൽ) എന്നിവയുടെ പ്രതിദിന ഡോളർ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആർബിഐ പ്രത്യേക വിൻഡോ തുറക്കും. തിങ്കളാഴ്ച മുതൽ ഈ കമ്പനികൾക്ക് രാജ്യത്തിന്റെ വിദേശവനിമ ശേഖരത്തിൽ നിന്ന് നേരിട്ട് ഡോളർ സ്വന്തമാക്കാം. വിപണിയിലെ പെട്ടെന്നുള്ള വലിയ സമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് കരുതുന്നു.
വിപണിയിലെ സമ്മർദ്ദം കുറയും: എണ്ണക്കമ്പനികളുടെ ഡോളർ ആവശ്യം കേന്ദ്രീകൃതമായി പരിഹരിക്കുന്നത് ഓപ്പൺ മാർക്കറ്റിലെ വൻതോതിലുള്ള ഡിമാൻഡ് ഒഴിവാക്കുമെന്നും, ഇത് വിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കാൻ സഹായിക്കുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം, ഈ നടപടി രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ വലിയ കുറവുണ്ടാക്കാൻ ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഡെറിവേറ്റീവ് വ്യാപാരങ്ങളിൽ കർശന നിയന്ത്രണം: രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ആക്കം കൂട്ടുന്ന ഊഹക്കച്ചവടങ്ങൾ തടയാൻ ഫോറെക്സ് ഡീലർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപയോക്താക്കളെ വിദേശവിനിമയ ഡെറിവേറ്റീവുകൾ റീബൂക്ക് ചെയ്യാൻ ഇനി മുതൽ അനുവദിക്കില്ല.
പൊസിഷൻ പരിധി വെട്ടിച്ചുരുക്കി: രൂപയുമായി ബന്ധപ്പെട്ട എക്സ്ചേഞ്ച് ട്രേഡഡ് കറൻസി ഡെറിവേറ്റീവുകളുടെ പൊസിഷൻ പരിധി 100 ദശലക്ഷം ഡോളറിൽ നിന്ന് വെറും 5 ദശലക്ഷം ഡോളറായി വൻതോതിൽ വെട്ടിക്കുറച്ചു.
റിസ്ക് റിസർവ് നിർബന്ധം: രൂപ ഉൾപ്പെടുന്ന എല്ലാ ഡെറിവേറ്റീവ് കരാറുകൾക്കും, ഓരോ ഇടപാടിന്റെയും ആകെ തുകയുടെ 20 ശതമാനം 'ഫോറിൻ എക്സ്ചേഞ്ച് റിസ്ക് റിസർവ്' ആയി മാറ്റിവെക്കാൻ ഫോറെക്സ് ഡീലർമാരോട് ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.




