സുന്ദർ പിച്ചൈയെ മറികടന്ന് ആന്ത്രോപിക് സിഇഒ! ഡാരിയോ അമോഡെയിയുടെ പ്രതിഫലം ഞെട്ടിക്കും
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡെയി 2025-ൽ 18 മില്യൺ ഡോളർ വാർഷിക പ്രതിഫലം നേടി ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയുടെ റിപ്പോർട്ട് ചെയ്ത വേതനത്തെ മറികടന്നു.
ആഗോള ഐ.ടി ലോകത്തെ പ്രമുഖരെപ്പോലും അത്ഭുതപ്പെടുത്തി എ.ഐ കമ്പനിയായ ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡെയിയുടെ വാർഷിക പ്രതിഫലം. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയെക്കാൾ കൂടുതൽ പ്രതിഫലമാണ് 2025-ൽ ഡാരിയോ കൈപ്പറ്റിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കമ്പനിയുടെ പബ്ലിക് ഓഫറിങ്ങിന് (ഐ.പി.ഒ) മുന്നോടിയായി പുറത്തുവിട്ട വിവരങ്ങളിലാണ് 18 മില്യൺ ഡോളർ (ഏകദേശം 150 കോടി രൂപ) വരുന്ന പ്രതിഫലക്കണക്കുകളുള്ളത്.
തങ്ങളുടെ ആകെ ഓഹരിയുടെ 80 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ആന്ത്രോപിക് സ്ഥാപകർ പ്രഖ്യാപിച്ചിട്ടുണ്ട്. സിലിക്കൺ വാലിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ഡാരിയോ അമോഡെയി ഇടംപിടിച്ചിരിക്കുന്നത്.
അടിസ്ഥാന ശമ്പളവും ഓഹരി ആനുകൂല്യങ്ങളും
2025-ൽ ഡാരിയോക്ക് ലഭിച്ച 18 മില്യൺ ഡോളറിൽ ഭൂരിഭാഗവും ഓഹരി ആനുകൂല്യങ്ങളാണ്. 1.4 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ യഥാർഥ അടിസ്ഥാന ശമ്പളം. ഡാരിയോയുടെ സഹോദരിയും കമ്പനി പ്രസിഡന്റുമായ ഡാനിയേല അമോഡെയിക്ക് 16.4 മില്യൺ ഡോളറാണ് പ്രതിഫലമായി ലഭിച്ചത്.
കഴിഞ്ഞ ജൂലൈയിലാണ് ഇരുപങ്കാളികളുടെയും വാർഷിക ശമ്പളം 1.4 മില്യൺ ഡോളറായി വർധിപ്പിച്ചത്. ഇതിന് പുറമെ കമ്പനിയിലെ സേവനവും വരാനിരിക്കുന്ന ഐ.പി.ഒയും അടിസ്ഥാനമാക്കി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഇരുവർക്കും അധിക നിയന്ത്രിത ഓഹരി യൂണിറ്റുകളും അനുവദിച്ചിട്ടുണ്ട്.
മറ്റ് ഐ.ടി ഭീമന്മാരുടെ പ്രതിഫലക്കണക്കുകൾ
2025-ൽ ആൽഫബെറ്റ് സി.ഇ.ഒ സുന്ദർ പിച്ചൈക്ക് 10.9 മില്യൺ ഡോളറും ആമസോൺ സി.ഇ.ഒ ആൻഡി ജാസിക്ക് 2.1 മില്യൺ ഡോളറുമാണ് റിപ്പോർട്ട് ചെയ്ത പ്രതിഫലം. എന്നാൽ ഓഹരി ആനുകൂല്യങ്ങളുടെ അന്തിമ മൂല്യം കണക്കിലെടുക്കുമ്പോൾ പിച്ചൈയുടെ ആകെ പ്രതിഫലമൂല്യം 213.9 മില്യൺ ഡോളറായും ജാസിയുടേത് 13.2 മില്യൺ ഡോളറായും ഉയരും. അതിനാൽ തന്നെ ഡാരിയോയുടെ 18 മില്യൺ ഡോളർ പ്രതിഫലത്തെ സുന്ദർ പിച്ചൈയുടെ ആകെ സമ്പത്തുമായി നേരിട്ട് താരതമ്യം ചെയ്യാനാകില്ലെന്ന് സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, മേഖലയിലെ മറ്റ് പ്രമുഖരുടെ പ്രതിഫല വ്യത്യാസവും ശ്രദ്ധേയമാണ്. ഒറാക്കിൾ കോ-സി.ഇ.ഒ ക്ലേട്ടൺ മഗോയർക്കിന് 627.5 മില്യൺ ഡോളർ ലഭിച്ചപ്പോൾ, ടെസ്ല സി.ഇ.ഒ ഇലോൺ മസ്കിന് സ്പേസ് എക്സിന്റെ പബ്ലിക് ലിസ്റ്റിങ്ങിന് മുന്നോടിയായി സി.ഇ.ഒ എന്ന നിലയിൽ ലഭിച്ച പ്രതിഫലം 54,080 ഡോളർ മാത്രമായിരുന്നു.
രണ്ട് ട്രില്യൺ ഡോളർ ലക്ഷ്യമിട്ട് ആന്ത്രോപിക്
പ്രസിദ്ധമായ 'ക്ലോഡ്' (Claude) എ.ഐ മോഡലിന്റെ നിർമാതാക്കളായ ആന്ത്രോപിക് വലിയ രീതിയിലുള്ള വിപണി വിപുലീകരണത്തിനാണ് ഒരുങ്ങുന്നത്. റോയിട്ടേഴ്സ് പുറത്തുവിട്ട പ്രോസ്പെക്റ്റസ് വിവരങ്ങൾ പ്രകാരം ഈ വർഷം ശരത്കാലത്തോടെ കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തേക്കും. രണ്ട് ട്രില്യൺ ഡോളറിലധികം വിപണി മൂല്യമാണ് കമ്പനി ലക്ഷ്യമിടുന്നത്.
കമ്പനി ലിസ്റ്റ് ചെയ്യുന്നതോടെ കൈവശമുള്ള ഓഹരികളുടെ മൂല്യം കുതിച്ചുയരുമെന്നതിനാൽ സ്ഥാപകരുടെ സമ്പത്തിലും വൻ വർധനവുണ്ടാകും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 80 ശതമാനം ഓഹരി മാറ്റിവെക്കുമെന്ന പ്രഖ്യാപനം നടപ്പിലാകുന്നതോടെ വലിയൊരു തുക വരുംദിവസങ്ങളിൽ ജീവകാരുണ്യ മേഖലയിലേക്കും ഒഴുകിയെത്തും.




