വില 1.99 ലക്ഷം മുതൽ, റെട്രോ ലുക്കിൽ 154 കിലോമീറ്റർ റേഞ്ചുമായി റോയൽ എൻഫീൽഡിന്റെ ഫ്ലൈയിങ് ഫ്ലീ സി6; വിൽപ്പന ശൃംഖല വിപുലീകരിക്കുന്നു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

റോയൽ എൻഫീൽഡിന്റെ ആദ്യ ഇലക്ട്രിക് ബൈക്കായ 'ഫ്ലൈയിങ് ഫ്ലീ സി6' ഹൈദരാബാദിൽ അവതരിപ്പിച്ചു. ബാറ്ററി വാടകയ്ക്ക് എടുക്കുന്ന പ്ലാനിൽ ₹1.99 ലക്ഷം മുതൽ ലഭ്യമാകുന്ന ബൈക്കിന് ഒറ്റ ചാർജിൽ 154 കിലോമീറ്റർ റേഞ്ചും 115 കി.മീ പരമാവധി വേഗതയുമാണുള്ളത്.
റോയൽ എൻഫീൽഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ ഫ്ലൈയിങ് ഫ്ലീ സി6 (Flying Flea C6) ഹൈദരാബാദിൽ അവതരിപ്പിച്ചു. ബെംഗളൂരുവിന് ശേഷം ഈ ഇലക്ട്രിക് ബൈക്ക് വിൽപ്പനയ്ക്കണെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ നഗരമാണിത്. ഹൈദരാബാദിൽ നാല് വിൽപ്പന, സർവീസ് കേന്ദ്രങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്.
ബാറ്ററി വാടകയ്ക്ക് എടുക്കുന്ന 'ബാറ്ററി ആസ് എ സർവീസ്' (BaaS) പദ്ധതി തിരഞ്ഞെടുക്കുന്നവർക്ക് ₹1.99 ലക്ഷം മുതൽ ബൈക്ക് സ്വന്തമാക്കാം. ബാറ്ററി ഉൾപ്പെടെയുള്ള സാധാരണ വാങ്ങൽ ഓപ്ഷന്റെ എക്സ്ഷോറൂം വില ₹2.79 ലക്ഷമാണ്. ഒറ്റ ചാർജിൽ 154 കിലോമീറ്റർ വരെ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ഹൈദരാബാദിൽ എവിടെ ലഭിക്കും?
ഹൈദരാബാദിൽ ഒരു കമ്പനി സ്റ്റോറും മറ്റ് മൂന്ന് വിൽപ്പന, സേവന കേന്ദ്രങ്ങളുമാണ് ഫ്ലൈയിങ് ഫ്ലീ ആരംഭിച്ചിരിക്കുന്നത്. വിൽപ്പനയ്ക്കും ഉപഭോക്തൃ സേവനത്തിനുമായി ഹബ് ആൻഡ് സ്പോക്ക് മാതൃകയിലാണ് ശൃംഖല പ്രവർത്തിക്കുക. സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനായി എറഗദ്ദയിൽ പ്രത്യേക സർവീസ് കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്. മറ്റ് മൂന്ന് കേന്ദ്രങ്ങളിൽ പതിവ് സർവീസും അറ്റകുറ്റപ്പടികളും നടത്താം. ബെംഗളൂരുവിൽ ഫ്ലൈയിങ് ഫ്ലീ സി6 ഇതിനകം ഒരു ലക്ഷം കിലോമീറ്ററിലധികം സഞ്ചരിച്ചിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
വിലയും പ്രത്യേകതകളും
വില: എക്സ്ഷോറൂം വില ₹2.79 ലക്ഷം. ബാസ് (BaaS) പദ്ധതി വഴി ₹1.99 ലക്ഷം മുതൽ ലഭ്യമാണ്.
നിറങ്ങൾ: സ്റ്റോം ബ്ലാക്ക്, ഫ്ലീ ഗ്രീൻ, പാരച്യൂട്ട് വൈറ്റ്.
മോട്ടോറും ബാറ്ററിയും: 3.91 കിലോവാട്ട് അവർ ലിഥിയം അയൺ ബാറ്ററി. 15.4 കിലോവാട്ട് (ഏകദേശം 21 ബിഎച്ച്പി) കരുത്തും 60 എൻഎം ടോർക്കും.
വേഗതയും റേഞ്ചും: പരമാവധി വേഗത മണിക്കൂറിൽ 115 കിലോമീറ്റർ. ഒറ്റ ചാർജിൽ 154 കിലോമീറ്റർ റേഞ്ച്.
ചാർജിങ്: റാപ്പിഡ്, സ്റ്റാൻഡേർഡ്, ട്രിക്കിൾ എന്നീ മൂന്ന് മോഡുകൾ. സാധാരണ 16 ആംപിയർ പ്ലഗ് പോയിന്റ് ഉപയോഗിച്ചും ചാർജ് ചെയ്യാം.
റെട്രോ ഡിസൈനും ആധുനിക സാങ്കേതികവിദ്യയും
പഴയകാല മോട്ടോർസൈക്കിളുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട രൂപകൽപ്പനയാണ് ഇതിന്റെ പ്രധാന ആകർഷണം. ലീൻ ആംഗിൾ സെൻസിങ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, വോയ്സ് അസിസ്റ്റ്, ജോയ്സ്റ്റിക് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ടിഎഫ്ടി ടച്ച്സ്ക്രീൻ, വൈഫൈ, ബ്ലൂടൂത്ത്, 4ജി കണക്റ്റിവിറ്റി, ഓവർ ദി എയർ സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ തുടങ്ങിയ ആധുനിക സവിശേഷതകളും ബൈക്കിലുണ്ട്.
ഇന്ത്യയിൽനിന്നും യുകെയിൽനിന്നുമുള്ള ഇരുന്നൂറിലധികം എൻജിനീയർമാരുടെ സംഘമാണ് ഫ്ലൈയിങ് ഫ്ലീ സി6 വികസിപ്പിച്ചത്. ഇന്ത്യയ്ക്ക് പുറമെ പാരീസ്, ബാഴ്സലോണ, ബെർലിൻ, റോം, ലണ്ടൻ തുടങ്ങിയ യൂറോപ്യൻ നഗരങ്ങളിലും ഫ്ലൈയിങ് ഫ്ലീ സ്റ്റോറുകൾ ആരംഭിച്ചിട്ടുണ്ട്.




