ആദ്യ പ്രതിഫലം 2,000 രൂപ: കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് മനസ്സ് തുറന്ന് നയൻതാര

കൊച്ചി: തെന്നിന്ത്യൻ സിനിമാലോകത്തെ ലേഡി സൂപ്പർസ്റ്റാർ നയൻതാര തന്റെ ആദ്യകാല കരിയറിനെയും പ്രതിഫലത്തെയും കുറിച്ച് സംസാരിക്കുന്നു. അവതാരക പേളി മാണിക്ക് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ സിനിമാപ്രവേശത്തിന് മുമ്പുള്ള കാലത്തെ ഓർമ്മകൾ പങ്കുവെച്ചത്.
തന്റെ ആദ്യ ജോലിക്ക് 2,000 മുതൽ 3,000 രൂപ വരെയാണ് പ്രതിഫലമായി ലഭിച്ചതെന്ന് താരം വെളിപ്പെടുത്തി. ‘വനിത’ മാസികയുടെ കവർ ഷൂട്ടായിരുന്നു ആദ്യമായി ചെയ്ത ജോലിയെന്നാണ് കരുതുന്നതെന്നും ഒരു ഫാഷൻ പരിപാടിക്കാണ് താൻ ആദ്യമായി എത്തിയതെന്നും നയൻതാര ഓർത്തെടുത്തു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെയാണ് നയൻതാര ബിഗ് സ്ക്രീനിലേക്ക് എത്തിയത്. തുടർന്ന് ‘വിസ്മയത്തുമ്പത്ത്’, ‘നാട്ടുരാജാവ്’ തുടങ്ങിയ മലയാള സിനിമകൾക്ക് ശേഷം 2005-ൽ ‘അയ്യ’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. ‘ചന്ദ്രമുഖി’, ‘ബില്ല’, ‘മായാ’, ‘നാനും റൗഡി താൻ’, ‘കോലമാവ് കോകില’ തുടങ്ങി നിരവധിയേറെ ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ മുൻനിര നായികയായി താരം വളർന്നു. ഷാരൂഖ് ഖാൻ ചിത്രം ‘ജവാനി’ലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു.
വിഷ്ണു ഇടവൻ സംവിധാനം ചെയ്യുന്ന ‘ഹായ്’ ആണ് നയൻതാരയുടേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. കവിൻ നായകനാകുന്ന ഈ തമിഴ് റൊമാന്റിക് ഡ്രാമ ആഗസ്റ്റ് 28-ന് തിയറ്ററുകളിലെത്തും. കൂടാതെ യാഷ് നായകനാകുന്ന കന്നഡ ചിത്രം ‘ടോക്സിക്കിലും’ താരം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ആഗസ്റ്റ് 26-നാണ് റിലീസ് ചെയ്യുന്നത്.
