ആദ്യ 100 ദിനങ്ങളിൽ സതീശൻ സർക്കാർ 1 ഗ്യാരണ്ടിയാണ് നടപ്പാക്കിയത്, മുഖ്യമന്ത്രി തന്നെ വർഗീയ രാഷ്ട്രീയം കളിക്കുന്നു; രൂക്ഷവിമർശനവുമായി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: വി.ഡി. സതീശൻ സർക്കാറിന്റെ ആദ്യ 100 ദിനങ്ങൾ പൂർത്തിയാകുമ്പോൾ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടുവെന്നും കേരളത്തിലെ ജനങ്ങൾ വലിയ നിരാശയിലാണെന്നും അദ്ദേഹം ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ അഞ്ച് പ്രധാന ഗ്യാരണ്ടികളിൽ ഒന്നുമാത്രമാണ് സർക്കാർ ഇതുവരെ നടപ്പാക്കിയത്. ബാക്കി ഗ്യാരണ്ടികളുടെ അവസ്ഥ എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. സി.പി.എമ്മിന്റെ ഭരണകാലത്തുണ്ടായ അഴിമതികൾക്കെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചവർ ഇപ്പോൾ അതിൽനിന്ന് പിന്നാക്കം പോയിരിക്കുകയാണ്. പുതിയ നിക്ഷേപങ്ങളോ തൊഴിലവസരങ്ങളോ സൃഷ്ടിക്കാൻ സർക്കാറിന് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല, 12,500 കോടി രൂപയുടെ അധിക കടബാധ്യത വരുത്തിവെക്കുകയാണ് ചെയ്തതെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
വർഗീയ രാഷ്ട്രീയം കളിക്കുന്നു
വർഗീയതയില്ലാത്ത ഭരണം വാഗ്ദാനം ചെയ്ത് ಅಧಿಕാരത്തിലെത്തിയ മുഖ്യമന്ത്രി ഇപ്പോൾ വർഗീയ രാഷ്ട്രീയമാണ് പയറ്റുന്നത്. മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവെക്കുന്ന അജണ്ടകൾ മാത്രമാണ് സർക്കാർ നടപ്പിലാക്കുന്നത്. പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം വലിയ സംഭവമായി ചിത്രീകരിച്ച് ജനങ്ങളെ പൊട്ടന്മാരാക്കാനാണ് ശ്രമം. കേരളത്തിലെ റെയിൽവേ വികസനത്തിൽ യാതൊരു വീഴ്ചയും ഉണ്ടാകരുതെന്നാണ് ബി.ജെ.പിയുടെ നിലപാട്. സർക്കാറിന് ചൂണ്ടിക്കാണിക്കാൻ മറ്റ് നേട്ടങ്ങളൊന്നുമില്ലാത്തതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ വിവാദമാക്കുന്നത്. ജില്ലാ വിഭജനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദമായ ചർച്ചകൾക്ക് ശേഷമേ തീരുമാനമെടുക്കാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കായിക മേഖലയുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങളെല്ലാം തട്ടിപ്പായി മാറുകയാണ്. മെസ്സി വരുന്നതുമായി ബന്ധപ്പെട്ടുയർന്ന ക്രമക്കേടുകൾ അന്വേഷിക്കേണ്ടത് വിജിലൻസല്ല, സി.ബി.ഐയാണ്. സ്വന്തം പരാജയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് സർക്കാർ നിലവിൽ ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
