കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു.

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷിനെ കാപ്പ (KAAPA) ചുമത്തി പോലീസ് ജയിലിലടച്ചു. നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനീഷിനെതിരെ കോടതി അറസ്റ്റ് വാറന്റ് നിലവിലുണ്ടായിരുന്നു. കഴിഞ്ഞ മാസം സ്പായിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെ മൈസൂരിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടിയിലാകുന്നത്.
കേരളത്തിൽ മാത്രം 50-ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ അനീഷിനെതിരെ കർണാടകയിൽ അഞ്ചും തമിഴ്നാട്ടിൽ മൂന്നും കേസുകൾ നിലവിലുണ്ട്. കേരളത്തിലെ പ്രധാന കേസുകളിൽ നാലും വധശ്രമത്തിനാണ്. തമിഴ്നാട്ടിൽ സ്വർണക്കവർച്ച ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിലും ഇയാൾ പ്രതിയാണ്.
കഴിഞ്ഞ വർഷം വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയവെ അനീഷിനെതിരെ സഹതടവുകാരുടെ വധശ്രമം ഉണ്ടായിരുന്നു. സംഭവത്തിൽ അമ്പായത്തോട് അഷ്റഫ്, ഹുസൈൻ കൊച്ചി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്വട്ടേഷൻ ഇടപാടുകളുമായി ബന്ധപ്പെട്ട മുൻവൈരാഗ്യമായിരുന്നു ഈ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
