സുകുമാരൻ നായർക്കെതിരായ ആക്രമണം തുടർന്നാൽ എൽഡിഎഫ് വിടേണ്ടിവരും; ഗണേഷ് കുമാറിലൂടെ എൻഎസ്എസിൽ സ്വാധീനമുറപ്പിക്കാൻ ബിജെപി.
എൻഎസ്എസിന്റെ വിവിധ തലങ്ങളിൽ സംഘപരിവാർ നേതാക്കൾ ഇതിനകം സജീവമാണ്. നേതൃത്വത്തോട് അതൃപ്തിയുള്ളവരെയും സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ടവരെയും ഒന്നിപ്പിച്ച് വലിയൊരു കൂട്ടായ്മ രൂപീകരിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി പരസ്യമായി ഇടഞ്ഞുനിൽക്കുന്ന മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിലൂടെ സമുദായ സംഘടനയിൽ സ്വാധീനമുറപ്പിക്കാൻ ബിജെപി നീക്കം. ഇതിനായുള്ള പ്രാഥമിക ചർച്ചകൾ ഇതിനകം നടന്നതായാണ് സൂചന. മുൻപ് പലതവണ എൻഎസ്എസിൽ ആധിപത്യം സ്ഥാപിക്കാൻ ബിജെപി ശ്രമിച്ചിരുന്നെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
അതേസമയം, എൻഎസ്എസിനെയും സുകുമാരൻ നായരെയും കടന്നാക്രമിക്കുന്ന ഗണേഷ് കുമാറിന്റെ നിലപാടിൽ എൽഡിഎഫിലെ പ്രധാന കക്ഷികൾക്കും മുഖ്യമന്ത്രി പിണറായി വിജയനും വിയോജിപ്പുണ്ട്. പെരുന്നയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് സിപിഎമ്മും കേരള കോൺഗ്രസ് (എം) വിഭാഗവും. സുകുമാരൻ നായരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന അമർഷം ഇവർ ഗണേഷ് കുമാറിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ വിഷയം ഔദ്യോഗികമായി ചർച്ചയായില്ലെങ്കിലും നേതാക്കൾ തമ്മിൽ അനൗദ്യോഗിക ആശയവിനിമയം നടന്നു.
സുകുമാരൻ നായർക്കെതിരായ നീക്കം തുടർന്നാൽ ഗണേഷ് കുമാറും എൽഡിഎഫും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാകുമെന്നും, ഈ സാഹചര്യം മുതലെടുത്ത് അദ്ദേഹത്തെ എൻഎസ്എസിലേക്കുള്ള പാലമാക്കാമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടൽ. നിലവിൽ എൻഎസ്എസിന്റെ വിവിധ ഘടകങ്ങളിൽ സംഘപരിവാർ നേതാക്കളുണ്ട്. കൂടാതെ, നേതൃത്വത്തോട് അതൃപ്തിയുള്ളവരെയും പലപ്പോഴായി സംഘടനയിൽ നിന്ന് പുറത്തായവരെയും ഒന്നിപ്പിച്ച് വലിയൊരു കൂട്ടായ്മ രൂപീകരിക്കാനും ബിജെപി ലക്ഷ്യമിടുന്നു.
എൻഎസ്എസിനെ പിണക്കി ഗണേഷിനെ മുന്നണിയിൽ താങ്ങിനിർത്താൻ എൽഡിഎഫിലെ ഒരു വിഭാഗത്തിന് താല്പര്യമില്ല. വരും ദിവസങ്ങളിൽ ഗണേഷ് കുമാർ നടത്താനിരിക്കുന്ന വെളിപ്പെടുത്തലുകൾ കൂടി നിരീക്ഷിച്ച ശേഷമാകും മുന്നണി അന്തിമ നിലപാട് സ്വീകരിക്കുക. എൽഡിഎഫിൽ സമ്മർദ്ദം ശക്തമായാൽ ഗണേഷിനും ബദൽ വഴികൾ തേടേണ്ടി വരുമെന്നും, അത് തങ്ങൾക്ക് അനുകൂലമാക്കാമെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ.
