ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ലങ്കയെ ധനഞ്ജയ ഡിസിൽവ നയിക്കും; പ്രമുഖ താരങ്ങൾ പുറത്ത്, ഡിക്വെല്ല തിരിച്ചെത്തി

ഇന്ത്യയ്ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിനുള്ള 16 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ധനഞ്ജയ ഡിസിൽവ നയിക്കുന്ന ടീമിൽ കാമിന്ദു മെൻഡിസാണ് വൈസ് ക്യാപ്റ്റൻ. പ്രമുഖ താരങ്ങളായ പാത്തും നിസങ്ക, കുശാൽ മെൻഡിസ് എന്നിവർ പരിക്കുമൂലം പുറത്തായപ്പോൾ, വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്റര്‍ നിരോഷൻ ഡിക്വെല്ല തിരിച്ചെത്തി.
ഓഗസ്റ്റ് 15 ശനിയാഴ്ച മുതൽ ഗാല്ലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. കൈക്കുഴക്കേറ്റ പരിക്കിൽ നിന്ന് പൂർണമായി മുക്തനാവാത്തതാണ് നിസങ്കയ്ക്ക് തിരിച്ചടിയായത്. ലങ്കൻ പ്രീമിയർ ലീഗിനിടെ ഹാംസ്ട്രിംഗിന് പരിക്കേറ്റതിനെ തുടർന്നാണ് കുശാൽ മെൻഡിസ് പുറത്തായത്. 2023 മാർച്ചിൽ അവസാനമായി ടെസ്റ്റ് കളിച്ച 33-കാരനായ ഡിക്വെല്ലയ്ക്ക് ഇതോടെ വീണ്ടും ടീമിലേക്ക് വഴിതുറക്കുകയായിരുന്നു.
ഓഫ് സ്പിന്നർ കസീറ നുവാന്ത, ബാറ്റർ പസിന്ദു സൂരിയബണ്ഡാര എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ലങ്കയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ പ്രഭാത് ജയസൂര്യ നയിക്കുന്ന സ്പിൻ നിരയിൽ രമേഷ് മെൻഡിസുമുണ്ട്. ഗാല്ലെയിൽ മാത്രം എൺപതിലേറെ വിക്കറ്റുകൾ വീഴ്ത്തിയ പരിചയസമ്പത്ത് ജയസൂര്യയ്ക്കുണ്ട്. ലാഹിരു കുമാര, വിശ്വ ഫെർണാണ്ടോ, അസിത ഫെർണാണ്ടോ, ദിൽഷൻ മധുശങ്ക എന്നിവരാണ് പേസ് നിരയിൽ അണിനിരക്കുന്നത്.
ശ്രീലങ്കൻ സ്ക്വാഡ്:
ധനഞ്ജയ ഡി സിൽവ (ക്യാപ്റ്റൻ), കമിന്ദു മെൻഡിസ് (വൈസ് ക്യാപ്റ്റൻ), ലഹിരു ഉദാര, നിഷാൻ മധുഷ്ക, ദിനേശ് ചണ്ഡിമാൽ, പസിന്ദു സൂരിയബണ്ഡാര, സോണാൽ ദിനൂഷ, നിരോഷൻ ഡിക്വെല്ല, രമേഷ് മെൻഡിസ്, പ്രഭാത് ജയസൂര്യ, കസീറ നുവാന്ത, മിലാൻ രത്നായകെ, അസിത ഫെർണാണ്ടോ, ലഹിരു കുമാര, വിശ്വ ഫെർണാണ്ടോ, ദിൽഷൻ മധുശങ്ക.
