കിയയുടെ ഈ ഇലക്ട്രിക് കാറിന് വൻ ഡിമാൻഡ്! കോർപ്പറേറ്റ് ഫ്ലീറ്റിൽ 1,100 യൂണിറ്റ് പിന്നിട്ടു

ന്യൂഡൽഹി: ഇലക്ട്രിക് വാഹന വിപണിയിൽ കോർപ്പറേറ്റ് സാന്നിധ്യം ശക്തമാക്കി കിയ ഇന്ത്യ. ജനപ്രിയ ഇലക്ട്രിക് മോഡലായ കാരൻസ് ക്ലാവിസ് ഇവിയുടെ കോർപ്പറേറ്റ് ഫ്ലീറ്റ് വിന്യാസം 1,100 യൂണിറ്റുകൾ പിന്നിട്ടതായി കമ്പനി അറിയിച്ചു. 2025 ജൂലൈയിൽ വിപണിയിലെത്തിയതിന് ശേഷമാണ് ഈ നേട്ടം.
വളർച്ചയുടെ ഭാഗമായി റിഫെക്സ് മൊബിലിറ്റിക്കായി 100 കാരൻസ് ക്ലാവിസ് ഇവികൾ കൂടി കമ്പനി കൈമാറി. കിയ ഇന്ത്യ ഉന്നത നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ആദ്യ ബാച്ച് വാഹനങ്ങൾ റിഫെക്സിന് നൽകിയത്.
കോർപ്പറേറ്റ് ആവശ്യങ്ങൾക്ക് അനിയോജ്യം വിശാലമായ ക്യാബിൻ, ആധുനിക സാങ്കേതികവിദ്യ, വൈദ്യുത ഡ്രൈവിങ്ങിലെ കാര്യക്ഷമത എന്നിവയാണ് കാരൻസ് ക്ലാവിസ് ഇവിയെ ഫ്ലീറ്റ് മേഖലയിൽ പ്രിയങ്കരമാക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് യാത്രാ ആവശ്യങ്ങൾക്ക് അനുയോജ്യമായാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെച്ചപ്പെടുത്തിയ ചാർജിങ് സൗകര്യങ്ങളും വിൽപ്പനാനന്തര സേവനങ്ങളും ഉറപ്പാക്കി ശക്തമായ ഇവി ഇക്കോസിസ്റ്റം കമ്പനി ഒരുക്കിയിട്ടുണ്ട്. റിഫെക്സ് മൊബിലിറ്റിയുമായുള്ള സഹകരണം കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് പരിസ്ഥിതി സൗഹൃദ യാത്രാ സംവിധാനങ്ങളിലേക്ക് വേഗത്തിൽ മാറാൻ വഴിയൊരുക്കുമെന്നും കിയ വ്യക്തമാക്കി.
ബാറ്ററിയും റേഞ്ചും ഹ്യൂണ്ടായ് ക്രെറ്റ ഇലക്ട്രിക്കിന് സമാനമായ പവർട്രെയിനാണ് വാഹനത്തിലുള്ളത്. 42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാണ്.
- 42 kWh ബാറ്ററി: എആർഎഐ (ARAI) സാക്ഷ്യപ്പെടുത്തിയ 404 കി.മീ റേഞ്ച്. 135 ബിഎച്ച്പി ഇലക്ട്രിക് മോട്ടോർ.
- 51.4 kWh ബാറ്ററി: 490 കി.മീ റേഞ്ച്. 171 ബിഎച്ച്പി ഇലക്ട്രിക് മോട്ടോർ.
രണ്ട് പതിപ്പുകളും 255 എൻഎം ടോർക്ക് നൽകും. വലിയ ബാറ്ററിയുള്ള പതിപ്പിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 8.4 സെക്കൻഡ് മതിയാകും.
ചാർജിങ് വേഗതയും വാറന്റിയും 7.4 kW, 11 kW എസി ചാർജിങ് ഓപ്ഷനുകൾ ലഭ്യമാണ്. 11 kW എസി ചാർജർ ഉപയോഗിച്ച് 42 kWh ബാറ്ററി 10 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ 4 മണിക്കൂറും, 51.4 kWh ബാറ്ററിക്ക് 4 മണിക്കൂർ 45 മിനിറ്റും സമയമെടുക്കും. 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്ററാണ് വാഹനം നൽകുന്ന വാറന്റി.
പ്രധാന സവിശേഷതകൾ 12.3 ഇഞ്ചിന്റെ ഇരട്ട ഡിസ്പ്ലേകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 8 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ബോസ് മോഡ്, വി2എൽ (V2L) ചാർജിങ് സൗകര്യം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ലെവൽ 2 എഡിഎഎസ് (ADAS), 360 ഡിഗ്രി ക്യാമറ, ഇഎസ്സി, എബിഎസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ടിപിഎംഎസ്, നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ എന്നിവയും കിയ ഒരുക്കിയിട്ടുണ്ട്.
