ഡൽഹിയിലേക്ക് യാത്രയുണ്ടോ? ഓഗസ്റ്റ് 15ന് മുന്നോടിയായി വൻ നിയന്ത്രണങ്ങൾ; ട്രെയിൻ, വിമാന യാത്രക്കാർ ശ്രദ്ധിക്കുക

ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി തലസ്ഥാന നഗരിയിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയതോടെ ഡൽഹിയിലേക്കുള്ള റോഡ്, റെയിൽ, വിമാന ഗതാഗതങ്ങൾക്ക് കർശന നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തി. ആഗസ്റ്റ് 13 മുതൽ 16 വരെ ന്യൂഡൽഹി, ഓൾഡ് ഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ, ആനന്ദ് വിഹാർ ടെർമിനൽ, ഡൽഹി സരായ് റോഹില്ല തുടങ്ങിയ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നോർത്തേൺ റെയിൽവേ പരിശോധന കടുപ്പിക്കുന്നതിനാൽ ട്രെയിൻ യാത്രക്കാർ സമയത്തിന് ഏറെ മുമ്പുതന്നെ സ്റ്റേഷനുകളിലെത്തേണ്ടതാണ്. റോഡ് മാർഗമുള്ള യാത്രകളിൽ ഭാരവാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്; പാനിപ്പത്തിൽ നിന്നുള്ള വാഹനങ്ങൾ എൻ.എച്ച് 44ലെ ഗന്നൗർ ഫ്ലൈഓവറിൽ നിന്നും എൻ.എച്ച് 352ലേക്കും, ഉത്തർപ്രദേശിൽ നിന്നുള്ളവ ബഹാൽഗഢ് വഴി സോനിപത്തിലേക്കും, കുണ്ഡ്ലിയിൽ നിന്നുള്ളവ നരേലയിലേക്കും തിരിച്ചുവിടുമ്പോൾ കെ.ജി.പി, കെ.എം.പി എക്സ്പ്രസ് വേകളിലും ഹൽദാന-സിംഘു അതിർത്തികളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൂടാതെ, വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾ ദീർഘിപ്പിച്ചതിനാൽ ആഗസ്റ്റ് 10 മുതൽ 20 വരെ യാത്ര ചെയ്യുന്നവർ സാധാരണയേക്കാൾ നേരത്തെ എയർപോർട്ടിൽ എത്തണമെന്ന് എയർ ഇന്ത്യയും നിർദേശം നൽകിയിട്ടുള്ളതിനാൽ, യാത്രക്കാർ റെയിൽവേ, വിമാനക്കമ്പനികൾ, ട്രാഫിക് പൊലീസ് എന്നിവരുടെ ഔദ്യോഗിക യാത്രാ നിർദേശങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രം യാത്രകൾ ആസൂത്രണം ചെയ്യുക.
