ലങ്കയില് തോറ്റാല് കസേരയിളകും! അഗാർക്കറിനൊപ്പം തെറിക്കുമോ പരിശീലകൻ ഗംഭീർ?

രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ബി.സി.സി.ഐ ആദ്യം പരിഗണിച്ചത് വി.വി.എസ് ലക്ഷ്മണിനെയായിരുന്നു. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ ലക്ഷ്മൺ ഒഴിഞ്ഞുമാറിയതോടെയാണ് ചുമതല ഗൗതം ഗംഭീറിലേക്ക് എത്തുന്നത്. 2024 ജൂലൈയിലായിരുന്നു ആ പ്രഖ്യാപനം. പരിശീലക കുപ്പായത്തിൽ രണ്ട് വർഷത്തിനിടെ രണ്ട് ഐ.സി.സി വൈറ്റ് ബോൾ കിരീടങ്ങൾ ഇന്ത്യക്ക് സമ്മാനിച്ചെങ്കിലും, ഗംഭീറിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പകരക്കാരനായി വി.വി.എസ് ലക്ഷ്മണിന്റെ പേര് വീണ്ടും സജീവമായിട്ടുണ്ട്. 2027 ഏകദിന ലോകകപ്പ് പടിവാതിക്കൽ നിൽക്കെ, ഇന്ത്യൻ ടീമിൽ പെട്ടെന്നൊരു പരിശീലക മാറ്റത്തിന് സാധ്യതയുണ്ടോ?
ഇതിനൊരുത്തരം 2025 നവംബർ അവസാനം ഗുവാഹത്തിയിൽ വെച്ച് ദക്ഷിണാഫ്രിക്കക്കെതിരായ ഹോം ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ ഗംഭീർ തന്നെ നൽകിയിരുന്നു. “ചാമ്പ്യൻസ് ട്രോഫി നേടിയ അതേ ആൾ തന്നെയാണ് ഞാൻ” എന്നായിരുന്നു വിമർശനങ്ങൾക്കുള്ള അദ്ദേഹത്തിന്റെ മറുപടി. വൈറ്റ് ബോൾ ക്രിക്കറ്റിലെ ആധിപത്യവും കിരീട നേട്ടങ്ങളുമായിരുന്നു ഗംഭീറിന്റെ കസേരക്ക് ഇത്രയും കാലം ആയുസ്സ് നൽകിയത്. ചാമ്പ്യൻസ് ട്രോഫിക്കൊപ്പം ടി20 ലോകകപ്പും ആ അക്കൗണ്ടിലുണ്ട്.
എങ്കിലും, ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായി ഗംഭീറിന്റെ സ്ഥാനത്തിന് ഇളക്കം തട്ടിയേക്കുമെന്ന അഭ്യൂഹങ്ങൾ വെറുതെയല്ല. പരിമിത ഓവർ ക്രിക്കറ്റിൽ മുന്നേറുമ്പോഴും, ടെസ്റ്റിൽ നാണംകെട്ട തോൽവികളിലേക്കായിരുന്നു ഇന്ത്യയുടെ വീഴ്ച. നിലവിൽ മൂന്ന് ഫോർമാറ്റുകളിലും സ്ഥിതി സമാനമാണ്. ടി20 ലോകകപ്പിന് ശേഷം അയർലൻഡ്, ഇംഗ്ലണ്ട്, സിംബാബ്വെ എന്നിവർക്കെതിരെ ടി20 പരമ്പരയും ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയുമാണ് ഇന്ത്യ കളിച്ചത്. ഇതിൽ വിജയിക്കാനായത് ലക്ഷ്മൺ താത്കാലിക പരിശീലകനായെത്തിയ സിംബാബ്വെ പരമ്പരയിൽ മാത്രമാണ്.
അയർലൻഡിനോട് വൈറ്റ് വാഷ് വഴങ്ങിയതും ഇംഗ്ലണ്ടിൽ എട്ട് മത്സരങ്ങളിൽ ഒരു ജയം മാത്രം നേടാനായതും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ചോദ്യചിഹ്നമാക്കുന്നു. പോയ രണ്ട് വർഷമായി തുടരുന്ന അനന്തമായ പരീക്ഷണങ്ങൾ എല്ലാ ഫോർമാറ്റുകളെയും ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശ്രീലങ്കക്കെതിരായ പരമ്പരയിൽ തോറ്റാൽ ഗംഭീറിനും ചീഫ് സെലക്ടർ അജിത് അഗാർക്കർക്കും കാര്യങ്ങൾ കടുപ്പമാകും.
ഗംഭീറിന് കീഴിൽ ബംഗ്ലാദേശിനെതിരെ (2-0) നേടിയ ജയത്തോടെയായിരുന്നു തുടക്കമെങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ടുപോയി. ന്യൂസിലൻഡിനെതിരെ സ്വന്തം മണ്ണിൽ രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള വൈറ്റ് വാഷ്, ബോർഡർ-ഗവാസ്കർ ട്രോഫിയിലെ തോൽവി, വിരാട് കോലി, രോഹിത് ശർമ എന്നിവരുടെ പടിയിറക്കം, ദക്ഷിണാഫ്രിക്കക്ക് മുന്നിലെ വൈറ്റ് വാഷ് എന്നിവ തിരിച്ചടിയായി. ചുരുക്കത്തിൽ, കരുത്തു കുറഞ്ഞ ടീമുകൾക്കെതിരെ മാത്രമാണ് ഗംഭീറിന് കീഴിൽ ഇന്ത്യക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായത്. ഓർത്തിരിക്കാൻ ഒരു ടെസ്റ്റ് പരമ്പര മാത്രമാണുള്ളത്; മുഹമ്മദ് സിറാജും ശുഭ്മാൻ ഗില്ലും ചേർന്ന് ഐതിഹാസിക സമനില പിടിച്ചെടുത്ത ഇംഗ്ലണ്ട് പര്യടനം. ന്യൂസിലൻഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ പ്രബലർക്കെതിരെ കളിച്ച 10 മത്സരങ്ങളിൽ എട്ടിലും ഇന്ത്യ പരാജയപ്പെട്ടു.
നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബംഗ്ലാദേശ് എന്നിവർക്ക് പിന്നിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഇനി മൂന്ന് പരമ്പരകളിലായി ഒമ്പത് മത്സരങ്ങളാണ് അവശേഷിക്കുന്നത് (ശ്രീലങ്ക, ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നിവർക്കെതിരെ). ഇവയെല്ലാം വിജയിച്ചാലും ഫൈനൽ യോഗ്യത മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിച്ചായിരിക്കും. സ്പിൻ പിച്ചുകളൊരുക്കി സ്വന്തം കെണിയിൽ തന്നെ ഇന്ത്യ വീഴുന്ന കാഴ്ചയാണ് സമീപകാലത്തായി കാണുന്നത്. ജാസ്പ്രീത് ബുമ്രക്ക് പരമ്പരയിലുടനീളം കളിക്കാനാകില്ലെന്നിരിക്കെ, പേസ് നിരയിൽ പരിചയസമ്പന്നനായി മുഹമ്മദ് സിറാജ് മാത്രമാണുള്ളത്.
സ്ഥാനം സുരക്ഷിതമാക്കാൻ ഗംഭീറിന് ഇനി ജയങ്ങൾ അനിവാര്യമാണ്. അല്ലാത്തപക്ഷം രവി ശാസ്ത്രി-വിരാട് കോലി, രാഹുൽ ദ്രാവിഡ്-രോഹിത് ശർമ കൂട്ടുകെട്ടുകൾ ഉണ്ടാക്കിയെടുത്ത ബെഞ്ച് മാർക്ക് തകർത്ത പരിശീലകൻ എന്ന പേരുദോഷത്തോടെയാകും ഗംഭീർ കാലഘട്ടം അവസാനിക്കുക. 2027 ഏകദിന ലോകകപ്പിലേക്ക് ഇനിയൊരു വർഷത്തെ ദൂരമുള്ളതിനാൽ തൽക്കാലം തുടർന്നേക്കാമെങ്കിലും പരീക്ഷണങ്ങൾ പാളിയാൽ ബി.സി.സി.ഐയുടെ വാളെടുക്കൽ വൈകില്ല.
