ഐപിഎൽ താരം അഭിഷേക് പൊരേൽ ബലാത്സംഗക്കേസിൽ അറസ്റ്റിൽ; പരാതിക്കാരി മെഡിക്കൽ വിദ്യാർത്ഥിനി

കൊൽക്കത്ത: വിവാഹവാഗ്ദാനം നൽകി മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ ബംഗാൾ ക്രിക്കറ്റ് താരവും ഐ.പി.എൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ വിക്കറ്റ് കീപ്പർ ബാറ്ററുമായ അഭിഷേക് പൊരേൽ (23) അറസ്റ്റിൽ. ഹൂഗ്ലിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത താരത്തെ ചോദ്യം ചെയ്ത ശേഷമാണ് ചൊവ്വാഴ്ച ബംഗാൾ പൊലീസ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്. ചിൻസുറ കോടതിയിൽ ഹാജരാക്കിയ ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചെന്നും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് മോഗ്ര പൊലീസ് സ്റ്റേഷനിൽ പരാതിക്കാരി ആരോപിക്കുന്നത്. 2026 ഏപ്രിൽ രണ്ടിന് ഡൽഹിയിൽ വെച്ച് തന്നെ തടഞ്ഞുവെച്ച് മർദ്ദിക്കുകയും ഭക്ഷണം നൽകാതെ ഉപദ്രവിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. ഇതിനെ തുടർന്ന് യുവതിക്ക് ചികിത്സ തേടേണ്ടി വന്നിരുന്നു.
കേസിൽ അഭിഷേക് പൊരേലിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. പരാതിക്കാരിയുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയാൻ ഇയാളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പിടിച്ചെടുത്ത പെൻഡ്രൈവുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
അതേസമയം, ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. 2023 മുതൽ ഡൽഹി ക്യാപിറ്റൽസ് താരമായ അഭിഷേകിന് കേസിലെ നിയമനടപടികൾ കരിയറിൽ വലിയ തിരിച്ചടിയാകും.
