അഡ്വ: മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാരവും സംസ്കൃതി എക്സലൻസ് അവാർഡും വിതരണം ചെയ്തു

ദോഹ: അഡ്വ. മുഷാബ് സ്മാരക വിദ്യാഭ്യാസ അവാർഡുകളും സംസ്കൃതി എക്സലൻസ് പുരസ്കാരങ്ങളും വിതരണം ചെയ്തു. ഐ.സി.സി അശോക് ഹാളിൽ നടന്ന ചടങ്ങിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ പ്രമുഖ സാമൂഹിക-സാംസ്കാരിക നേതാക്കളുടെ സാന്നിധ്യത്തിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. വിജ്ഞാനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള നല്ലൊരു തലമുറയായി വളർന്നുവരാൻ വിദ്യാർഥികൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർഥികളാണ് അഡ്വ. മുഷാബ് സ്മാരക പുരസ്കാരത്തിന് അർഹരായത്. സയൻസ് വിഭാഗത്തിൽ ശുഭം തേജസ് മേത്ത (ബിർള പബ്ലിക് സ്കൂൾ), അനന്യ സിങ്, ശ്രുതി ലക്ഷ്മി, അതുല്യ അനിൽ കുമാർ (മൂവരും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ) എന്നിവരും കൊമേഴ്സ് വിഭാഗത്തിൽ ശ്രീനിധി ജഗന്നാഥ് (ലൊയോള ഇന്റർനാഷണൽ സ്കൂൾ), മുഹമ്മദ് സൂഫിയൻ പട്ടേൽ, ആഫ്രീൻ ഫാത്തിമ മുഹമ്മദ് അൻവറുദ്ദീൻ (ഇരുവരും എം.ഇ.എസ്) എന്നിവരും ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ ആൽവിന സക്കീർ, ലുബ്ന അബ്ദുൾ ലത്തീഫ് (ഇരുവരും എം.ഇ.എസ്) എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിൽ ഐ.എസ്.സി പ്രസിഡന്റ് അബ്ദുൾറഹ്മാൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് സെക്രട്ടറി ജാഫർ തയ്യിൽ, ഇൻകാസ് ഖത്തർ ജനറൽ സെക്രട്ടറി കെ.വി. ബോബൻ, കെ.ബി.എഫ് മുൻ പ്രസിഡന്റുമാരായ കെ.ആർ. ജയരാജ്, അജി കുര്യാക്കോസ്, സിനിമാ നടനും നിർമാതാവുമായ ചന്ദ്രമോഹൻ പിള്ള, സംസ്കൃതി നേതാക്കളായ എ.കെ. ജലീൽ, പ്രമോദ് ചന്ദ്രൻ, എ. സുനിൽ, വിജയകുമാർ, ഷാനവാസ് ഏലച്ചോല തുടങ്ങി വിവിധ സംഘടനാ പ്രതിനിധികളും സംസ്കൃതി കേന്ദ്ര കമ്മിറ്റി ഭാരവാഹികളും ചേർന്ന് വിജയികൾക്ക് ഉപഹാരങ്ങൾ കൈമാറി. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ മനോജ് കുമാർ നന്ദിയും പറഞ്ഞു
