അവസാന ഓവറിൽ വിജയത്തിലേക്ക് 16 റൺസ്, ഹാട്രിക് സിക്സുമായി കളം നിറഞ്ഞ് സിറാജ്; ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ശ്രീലങ്ക ഇലവനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷം മുഹമ്മദ് സിറാജ് (വലത്), സാരാംശ് ജയിൻ എന്നിവർ.
കൊളംബോ: ആവേശം അവസാന പന്തുകളിലേക്ക് നീണ്ട സന്നാഹ പോരാട്ടത്തിൽ ശ്രീലങ്കൻ ഇലവനെതിരെ ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം. വിജയത്തിലേക്ക് അവസാന ഓവറിൽ 16 റൺസ് വേണമെന്നിരിക്കെ, തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തി പേസർ മുഹമ്മദ് സിറാജാണ് ഇന്ത്യയെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ചത്. 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, അവസാന ഓവറിലെ മൂന്നാം പന്തിൽ ലക്ഷ്യം കണ്ടു.
- ശ്രീലങ്ക ഇലവൻ: 363/8 (90 ഓവർ) & 200/6 (45 ഓവർ)
- ഇന്ത്യ: 357/6 (90 ഓവർ) & 209/4 (45 ഓവർ)
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും ചേർന്ന് മിന്നൽ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 105 റൺസ് കൂട്ടിച്ചേർത്തു. ജയ്സ്വാൾ 46 പന്തിൽ 61 റൺസെടുത്ത് റിട്ടയർ ഹർട്ടായപ്പോൾ ഗിൽ 54 പന്തിൽ 44 റൺസ് നേടി. എന്നാൽ മധ്യ ഓവറുകളിൽ റൺനിരക്ക് കുത്തനെ കുറഞ്ഞത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഋഷഭ് പന്ത് (68 പന്തിൽ 22), ധ്രുവ് ജുറേൽ (17), രവീന്ദ്ര ജഡേജ (22) എന്നിവർക്ക് പ്രതീക്ഷിച്ച വേഗത്തിൽ റൺ കണ്ടെത്താനായില്ല.
തുടർന്ന് 43-ാം ഓവറിൽ ക്രീസിലെത്തിയ സിറാജ് താണ്ഡവമാടുകയായിരുന്നു. വെറും 15 പന്തിൽ നാല് സിക്സും ഒരു ഫോറുമടക്കം 32 റൺസുമായി സിറാജ് പുറത്താകാതെ നിന്നു.
നേരത്തെ, രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്ത ശ്രീലങ്ക ഇലവൻ 45 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്ത് ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. അർധസെഞ്ചറി നേടിയ നിഷാൻ മദുഷ്കയാണ് (63) ലങ്കൻ നിരയിലെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ഗുർനൂർ ബ്രാർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ ഇന്നിങ്സിൽ ലങ്ക 363 റൺസെടുത്തപ്പോൾ, ദേവ്ദത്ത് പടിക്കലിന്റെയും (142*) രവീന്ദ്ര ജഡേജയുടെയും (63) ബാറ്റിങ് മികവിൽ ഇന്ത്യ 357 റൺസെടുത്തിരുന്നു.
