വമ്പൻ കുതിപ്പ്, ലോകേഷ് കനകരാജ് ചിത്രം നേടിയത്

സംവിധായകന് എന്ന നിലയിൽ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച ലോകേഷ് കനകരാജ് നായകനായി അരങ്ങേറിയ ‘ഡിസി’ തിയറ്ററുകളിൽ വമ്പൻ മുന്നേറ്റം തുടരുന്നു. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ ഇതുവരെ 31.86 കോടി രൂപ സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ചിത്രം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്.
വയലൻസിനും വൈകാരിക മുഹൂർത്തങ്ങൾക്കും ഒരുപോലെ പ്രാധാന്യമുള്ള ഒരു ഗ്യാങ്സ്റ്റർ ഡ്രാമയായാണ് ‘ഡിസി’ ഒരുക്കിയിരിക്കുന്നത്. എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈർഘ്യം രണ്ട് മണിക്കൂറും 23 മിനിറ്റുമാണ്. ദേവദാസ് എന്ന കഥാപാത്രമായാണ് ലോകേഷ് കനകരാജ് ചിത്രത്തിലെത്തുന്നത്. വാമിക ഗബ്ബിയാണ് ചിത്രത്തിൽ ‘ചന്ദ്ര’ എന്ന നായികാവേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സഞ്ജന കൃഷ്ണമൂർത്തിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും കർണാടകത്തിലും തിയറ്ററുകളിലെത്തിച്ചത്. ഡ്രീം ബിഗ് ഫിലിംസ് ആണ് വിതരണ പങ്കാളികൾ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ‘റോക്കി’, ‘സാനി കായിദം’, ‘ക്യാപ്റ്റൻ മില്ലർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
അരുൺ രഞ്ജൻ (അഡീഷണൽ സ്ക്രീൻപ്ലേ), ഫ്രാങ്ക്ളിൻ ജേക്കബ് (സംഭാഷണം), മുകേഷ് ജി (ഛായാഗ്രഹണം), ജി.കെ. പ്രസന്ന (ചിത്രസംയോജനം), കണ്ണൻ എസ് (കല) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ. പി.സി. സ്റ്റണ്ട്സ് ആണ് സാഹസിക രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
