ജീവനോടെ തിരിച്ചെത്തുമെന്ന് കരുതിയില്ല’; നിലവിളിച്ച് എയർ ഹോസ്റ്റസ്, ചിതറിത്തെറിച്ച് ലഗേജുകൾ! ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം

ന്യൂഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ (Turbulence) അകപ്പെട്ടു. ഫ്ലൈറ്റ് AI379 വിമാനത്തിലാണ് യാത്രാമധ്യേ ഭയത്തിന്റെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തിയ സംഭവമുണ്ടായത്. ശക്തമായ കുലുക്കത്തിൽ എട്ട് യാത്രക്കാർക്കും നാല് കാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാത്രക്കാരെ ഒന്നടങ്കം പരിഭ്രാന്തിയിലാഴ്ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിട്ടുണ്ട്. വിമാനത്തിനുള്ളിൽ നിന്നുള്ള 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, യാത്രക്കാരോട് സീറ്റിലിരിക്കാനും ബെൽറ്റ് ധരിക്കാനും എയർ ഹോസ്റ്റസ് നിലവിളിച്ചുകൊണ്ട് അഭ്യർത്ഥിക്കുന്നത് കാണാം. ശക്തമായ കുലുക്കത്തെ തുടർന്ന് ലഗേജുകൾ സൂക്ഷിക്കുന്ന ഓവർഹെഡ് ബിന്നുകളുടെ വാതിലുകൾ തകർന്നു വീഴുകയും സാധനങ്ങൾ വിമാനത്തിനകത്തേക്ക് ചിതറിത്തെറിക്കുകയും ചെയ്തു.
‘ജീവനോടെ തിരിച്ചെത്തുമെന്ന് കരുതിയില്ല’
ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരി എക്സ് (ട്വിറ്റർ) പോസ്റ്റിൽ കുറിച്ചു. വിമാനം ആകാശച്ചുഴിയിൽപ്പെട്ടതോടെ ആളുകൾ സീറ്റുകളിൽ നിന്ന് തെറിച്ചുവീഴുകയും തലകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേൽക്കുകയും ചെയ്തു. വിമാനത്തിൽ നിന്ന് ജീവനോടെ താഴെ ഇറങ്ങാൻ സാധിക്കുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
ഇറ്റലിയിൽ നിന്നുള്ള മറ്റൊരു യാത്രക്കാരിയുടെ അനുഭവവും സമാനമായിരുന്നു. പലരുടെയും മുഖത്തുനിന്ന് രക്തമൊലിക്കുന്നുണ്ടായിരുന്നെന്നും തലയ്ക്ക് ശക്തമായി അടിയേറ്റതായും അവർ പറയുന്നു. തന്റെ അമ്മയ്ക്കും സഹോദരിക്കും സംഭവത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്.
ആകെ 137 യാത്രക്കാരും എട്ട് കാബിൻ ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് നവജാത ശിശുക്കളും ഉൾപ്പെടുന്നു. മണിക്കൂറുകൾ നീണ്ട ഭയാനകമായ നിമിഷങ്ങൾക്കൊടുവിൽ വിമാനം ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഉടൻ തന്നെ പരിക്കേറ്റ 12 പേർക്കും വിമാനത്താവളത്തിൽ അടിയന്തര വൈദ്യസഹായം നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ വിമാനത്തിന്റെ ഉൾഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതായി എയർ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ ആകാശച്ചുഴിയാണ് പെട്ടെന്നുള്ള ഉയരവ്യത്യാസത്തിനും വലിയ കുലുക്കത്തിനും കാരണമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു.
