ഇംഗ്ലീഷ് ഇതിഹാസ ഫുട്ബോൾ താരം കെവിൻ കീഗൻ അന്തരിച്ചു

ലണ്ടൻ: ഇംഗ്ലണ്ടിന്റെ ഇതിഹാസ ഫുട്ബോൾ താരവും മുൻ ദേശീയ ടീം പരിശീലകനുമായ കെവിൻ കീഗൻ (75) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ജനുവരിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുടുംബമാണ് മരണവാർത്ത അറിയിച്ചത്.
1970-കളിൽ ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും ജനപ്രിയ താരങ്ങളിലൊരാളായിരുന്ന കീഗൻ, തന്റെ പ്രകടനങ്ങളിലൂടെ ഫുട്ബോളിന് അതീതമായ ജനപ്രീതി നേടിയിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിനും ലിവർപൂളിനും ന്യൂകാസിൽ യുണൈറ്റഡിനും വേണ്ടി ശ്രദ്ധേയമായ കരിയർ കെട്ടിപ്പടുത്ത അദ്ദേഹം പിന്നീട് ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും ന്യൂകാസിൽ യുണൈറ്റഡിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും പരിശീലകനായും സേവനമനുഷ്ഠിച്ചു.
അറ്റാക്കിങ് മിഡ്ഫീൽഡറായും ഫോർവേഡായും കളിച്ച കീഗൻ ഇംഗ്ലണ്ടിനായി 63 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടി. 31 മത്സരങ്ങളിൽ ദേശീയ ടീമിനെ നയിക്കുകയും ചെയ്തു. ക്ലബ് കരിയറിൽ സ്കന്തോർപ്പ് യുണൈറ്റഡ്, ലിവർപൂൾ, ഹാംബർഗർ എസ്.വി., സൗത്താംപ്ടൺ, ന്യൂകാസിൽ യുണൈറ്റഡ്, ബ്ലാക്ക്ടൗൺ സിറ്റി എന്നീ ടീമുകൾക്കായി കളിച്ച അദ്ദേഹം ആകെ 744 മത്സരങ്ങളിൽ 254 ഗോളുകൾ നേടി.
ലിവർപൂളിനായി 323 മത്സരങ്ങളിൽ 100 ഗോളുകൾ നേടിയ കീഗൻ ക്ലബിനൊപ്പം മൂന്ന് ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷൻ കിരീടങ്ങളും എഫ്.എ. കപ്പും യൂറോപ്യൻ കപ്പും യുവേഫ കപ്പും സ്വന്തമാക്കി. ഹാംബർഗർ എസ്.വിക്കൊപ്പം ബുണ്ടസ് ലീഗ കിരീടവും നേടി. 1978-ലും 1979-ലും തുടർച്ചയായി ബാലൺ ഡി ഓർ സ്വന്തമാക്കിയ അദ്ദേഹം വേഗതയും മികച്ച ഡ്രിബ്ലിങ്ങും കൃത്യതയാർന്ന ഫിനിഷിങ്ങും കൊണ്ട് ലോക ഫുട്ബോളിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ചു.
കളിക്കളത്തോട് വിടപറഞ്ഞ ശേഷം പരിശീലക വേഷത്തിലും കീഗൻ തിളങ്ങി. ന്യൂകാസിൽ യുണൈറ്റഡ്, ഫുൾഹാം, മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബുകളെ പരിശീലിപ്പിച്ച അദ്ദേഹം ന്യൂകാസിലിനെയും മാഞ്ചസ്റ്റർ സിറ്റിയെയും ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷനിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായിരുന്ന കാലത്ത് 18 മത്സരങ്ങളിൽ ഏഴ് ജയവും ഏഴ് സമനിലയും ടീമിന് നേടിക്കൊടുത്തു
