3 ദിവസം കൊണ്ട് ബോക്സ് ഓഫീസിൽ വമ്പൻ മുന്നേറ്റവുമായി രവി തേജ ചിത്രം ‘ഇരുമുടി’

ശിവ നിർവാണ സംവിധാനം ചെയ്ത രവി തേജ ചിത്രം ‘ഇരുമുടി’ തിയേറ്ററുകളിൽ വമ്പൻ മുന്നേറ്റം തുടരുന്നു. ആദ്യ ദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം മൂന്ന് ദിവസങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 80 കോടി രൂപയാണ് വാരിയത്. രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രമാണിത്. ഇതുവരെ ഒരു മില്യണിലധികം ടിക്കറ്റുകൾ വിറ്റുപോയതായാണ് കണക്കുകൾ.
ആത്മീയതയ്ക്കും അച്ഛൻ-മകൾ ബന്ധത്തിന്റെ വൈകാരികതയ്ക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത അയ്യപ്പസ്വാമി വേഷത്തിൽ പെൺകുട്ടിയെ കൈയിലേന്തിനിൽക്കുന്ന രവി തേജയുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചില കഥകൾ ശരിയായ നിമിഷത്തിൽ നമ്മളെ തേടിയെത്താറുണ്ടെന്നും ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രവി തേജ കുറിച്ചു.
പ്രിയാ ഭവാനി ശങ്കർ നായികയാകുന്ന ചിത്രത്തിൽ രവി തേജയുടെ മകളായി ബേബി നക്ഷത്ര വേഷമിടുന്നു. സായ് കുമാർ, അജയ് ഘോഷ്, സ്വാസിക തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി.വി. പ്രകാശ് കുമാറാണ്. ഛായാഗ്രഹണം: വിഷ്ണു ശർമ, എഡിറ്റിങ്: പ്രവീൺ പുഡി.
