2028 ടി20 ലോകകപ്പിൽ കളിക്കുമോ? പ്രതികരണവുമായി സഞ്ജു സാംസൺ

മുംബൈ: ഭാവി പദ്ധതികളെക്കുറിച്ചും ദേശീയ ടീമിലെ സ്ഥാനത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. 2028-ലെ ടി20 ലോകകപ്പ് ടീമിൽ ഇടംപിടിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് സഞ്ജു വ്യക്തമാക്കി.
“2024-ലെ ലോകകപ്പിന് ശേഷം 2026-ലെ ടി20 ലോകകപ്പ് ടീമിൽ കളിക്കാൻ സാധിക്കുമെന്ന് പോലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഒരു ഘട്ടത്തിൽ 14 അല്ലെങ്കിൽ 15 അംഗ സ്ക്വാഡിൽ പോലും ഞാൻ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ 2028-നെ കുറിച്ച് ഇപ്പോൾ എങ്ങനെ പദ്ധതിയിടാനാണ്? ടീമിന് എന്നെ ആവശ്യമുണ്ടെങ്കിൽ, ഞാൻ മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കിൽ കാര്യങ്ങൾ അതിന്റെ വഴിക്ക് നടക്കും,” സഞ്ജു പറഞ്ഞു.
ടീമിലെ കടുത്ത മത്സരത്തെക്കുറിച്ചും സഞ്ജു സംസാരിച്ചു: “ഇന്ത്യൻ ടീമിൽ സ്ഥാനം പിടിക്കാൻ വലിയ മത്സരമാണ് നടക്കുന്നത്. രാജ്യത്ത് അത്രയധികം പ്രതിഭകളുണ്ട്. 2026-ലെ ടി20 ലോകകപ്പിന് മുൻപ് തന്നെ അത്തരം അനാവശ്യ മത്സരങ്ങളുടെ ഭാഗമാകേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു. കളി ആസ്വദിക്കുക എന്നതാണ് പ്രധാനം. ദൈവകൃപയാൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. ഇപ്പോൾ 31 വയസ്സായി, ഇനി അഞ്ച് വർഷം കൂടി കരിയർ ബാക്കിയുണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് കളി ആസ്വദിക്കാനും നല്ലൊരു ടീം അംഗമായി മുന്നോട്ട് പോകാനുമാണ് ആഗ്രഹം,” സഞ്ജു കൂട്ടിച്ചേർത്തു.
വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ആർപ്പണബോധത്തെക്കുറിച്ചും മലയാളി താരം സംസാരിച്ചു. വിരാട് ഭായ് കാര്യങ്ങൾ വളരെ വ്യക്തതയോടെ തുറന്നുപറയുന്ന ആളാണെന്നും, ജിമ്മിൽ അദ്ദേഹം കാണിക്കുന്ന ഊർജ്ജവും കഠിനാധ്വാനവും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും സഞ്ജു വ്യക്തമാക്കി.
ഈ വർഷം തുടക്കത്തിൽ ഇന്ത്യ കിരീടം നിലനിർത്തിയ ടി20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് അർദ്ധസെഞ്ചുറികളോടെ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാൽ, അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ ഫോം മങ്ങലിന് പിന്നാലെ അടുത്തിടെ സമാപിച്ച സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് താരത്തെ ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
