‘ ഇതിലും നല്ലൊരു പങ്കാളിയെ എനിക്ക് കിട്ടില്ല, നീയാണ് എനിക്കെല്ലാം ‘ ; റെബയെക്കുറിച്ച് ഭര്ത്താവ് ജോമോന്

കൊച്ചി: ‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’, ‘ഫോറൻസിക്’, ‘മിഖായേൽ’, ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് റെബ മോണിക്ക ജോൺ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഇപ്പോൾ കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ സ്വാഗതം ചെയ്യാനുള്ള സന്തോഷത്തിലാണ്. ഇതിനിടെ, റെബയ്ക്ക് ആശംസകൾ നേർന്ന് ഭർത്താവ് ജോമോൻ ജേക്കബ് പങ്കുവെച്ച ഹൃദ്യമായ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
ഒപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് ജോമോൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
“നിന്നോടൊപ്പമുള്ള 8 വർഷങ്ങൾ, നിന്നെയെന്റെ ജീവിതപങ്കാളിയാക്കിയുള്ള 4 വർഷങ്ങൾ… ഇതിലും നല്ലൊരു പങ്കാളിയെ എനിക്ക് ചോദിച്ചു വാങ്ങാൻ കഴിയില്ല. എന്തുതന്നെയായാലും, നീ തന്നെയാണ് എനിക്കെല്ലാം. 2018-ൽ റെബയെ കണ്ടുമുട്ടിയത് മുതൽ ഇതുവരെയുള്ള നാളുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, നമ്മൾ രണ്ടാളും മാത്രം പങ്കുവെച്ച ആ മനോഹരമായ ഓർമ്മകൾ കണ്ട് കണ്ണുനിറയാതിരിക്കാൻ എനിക്കായില്ല. ഒരാളിൽ തന്നെ എല്ലാം കണ്ടെത്താൻ കഴിഞ്ഞതിൽ ഞാൻ ഏറെ നന്ദിയുള്ളവനാണ് – ഒരു നല്ല സുഹൃത്ത്, സ്നേഹമുള്ള പങ്കാളി, ഇപ്പോൾ ജനിക്കാൻ പോകുന്ന കുഞ്ഞിന് ഈ ലോകത്തിലെ മുഴുവൻ സ്നേഹവും നൽകാൻ കാത്തിരിക്കുന്ന ഒരു അമ്മ…”
തങ്ങളുടെ ഡേറ്റ് നൈറ്റുകളും യാത്രകളും ഒന്നിച്ച് ചിലവഴിച്ച ഓർമ്മകളും പങ്കുവെച്ച ജോമോൻ, ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഏറെ കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
2022 ജനുവരിയിലായിരുന്നു റെബയുടെയും ജോമോന്റെയും വിവാഹം. തങ്ങളുടെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും ഇപ്പോൾ.
