ഹോർമുസ് കടലിടുക്ക് ‘അമേരിക്കൻ പ്രദേശം’ എന്ന് ട്രംപ്; ധാരണകൾ തിരുത്തിക്കുമെന്ന് ഇറാൻ

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയ്ക്കാണെന്നും ആ ജലപാതയെ ‘അമേരിക്കൻ പ്രദേശം’ എന്ന് വിശേഷിപ്പിക്കാമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗത്ത് കരോലിനയിലെ പൊതുറാലിയിലും ജോയിന്റ് ബേസ് ആൻഡ്രൂസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് വിവാദ അവകാശവാദം ഉന്നയിച്ചത്. ഇറാനെതിരെയുള്ള ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ കടലിടുക്കിനെ താൻ അമേരിക്കൻ പ്രദേശമായാണ് കാണുന്നതെന്നും, ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
എന്നാൽ ട്രംപിന്റെ അവകാശവാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ് ഇറാൻ രംഗത്തെത്തി. ട്രംപിന്റെ ഇത്തരം തെറ്റായ ധാരണകൾ ഇറാൻ തിരുത്തിക്കുമെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരിബാബാദി പ്രതികരിച്ചു. ഉപരോധങ്ങൾ നീക്കുന്നത് ഉൾപ്പെടെയുള്ള മുൻ ധാരണകൾ പാലിക്കാതെ ഹോർമുസ് കടലിടുക്ക് തുറന്നു നൽകില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫും വ്യക്തമാക്കി.
അമേരിക്കയുമായി കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് ‘ശരിയായ കരാറല്ലെ’ന്നാണ് ട്രംപിന്റെ നിലപാട്. ഇറാനെതിരെ വരും ദിവസങ്ങളിൽ കടുത്ത സാമ്പത്തിക ഉപരോധ നടപടികൾ ഉണ്ടായേക്കുമെന്നും യു.എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
