സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് ഞാന്‍ മാറിനിൽക്കാൻ കാരണം ഇതാണ്; വെളിപ്പെടുത്തി നയന്‍താര

“ഞാൻ സാധാരണയായി പ്രൊമോഷണൽ ഇവന്റുകളിൽ പങ്കെടുക്കാറില്ല. കാരണം അത്തരം കാര്യങ്ങളിൽ ഞാൻ അത്ര മിടുക്കിയല്ല. അതുകൊണ്ടാണ് മാറിനിൽക്കുന്നത്. എന്നാൽ ഈ ചടങ്ങ് എനിക്ക് ഏറെ പ്രത്യേകതയുള്ളതാണ്. അതിൽ പ്രധാന കാരണം നടൻ യാഷ് ആണ്. അദ്ദേഹം എന്നെ ക്ഷണിച്ചു, അതുകൊണ്ട് മാത്രം ഞാൻ വന്നു. ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരുടെ വലിയ കാഴ്ചപ്പാടാണ് മറ്റൊരു കാരണം,” നയൻതാര വ്യക്തമാക്കി.
ബെംഗളൂരു: സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് താൻ വിട്ടുനിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി പ്രമുഖ നടി നയൻതാര. തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ തരംഗം സൃഷ്ടിച്ച താരം പ്രൊമോഷനുകളിൽ പങ്കെടുക്കാത്തത് പലപ്പോഴും വിമർശനങ്ങൾക്കിടയാക്കാറുണ്ട്. എന്നാൽ, തന്റെ പുതിയ ചിത്രമായ ‘ടോക്സിക്കി’ന്റെ ട്രെയിലർ ലോഞ്ചിനെത്തിയപ്പോഴാണ് നയൻതാര മനസ്സ് തുറന്നത്.
താൻ പ്രൊമോഷനുകളിൽ അത്ര മിടുക്കിയല്ലാത്തതിനാലാണ് ഇത്തരം ചടങ്ങുകളിൽ നിന്ന് മാറിനിൽക്കുന്നതെന്ന് നയൻതാര പറഞ്ഞു. എന്നാൽ ‘ടോക്സിക്’ ട്രെയിലർ ലോഞ്ച് തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നും താരം വ്യക്തമാക്കി.
യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ ആഗസ്റ്റ് 26-നാണ് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. യാഷ്, കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
