മിനിമം ഇ.പി.എഫ് പെൻഷൻ 7,500 രൂപയാക്കുമോ? പരിഷ്കരിച്ച ഇ.പി.എസ് 2026 വ്യവസ്ഥകൾ അറിയാം

ന്യൂഡൽഹി: ഇ.പി.എഫ് പെൻഷൻ സ്കീമിലെ കുറഞ്ഞ പ്രതിമാസ പെൻഷൻ 1,000 രൂപയിൽനിന്ന് 7,500 രൂപയായി ഉയർത്തുന്ന വിഷയം കേന്ദ്ര സർക്കാർ പിന്നീട് പരിഗണിച്ചേക്കും. അതിനിടെ, പഴയ ഇ.പി.എസ് 1995 പദ്ധതിക്ക് പകരമായി നവീകരിച്ച ഇ.പി.എസ് 2026 കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. ‘കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി 2020’-ന്റെ ഭാഗമായി ജൂലൈ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പദ്ധതി, 1995-ലെ എംപ്ലോയീസ് പെൻഷൻ സ്കീമിനും 1971-ലെ എംപ്ലോയീസ് ഫാമിലി പെൻഷൻ സ്കീമിനും പകരമുള്ളതാണ്.
പെൻഷൻ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും ഡിജിറ്റൽ സംവിധാനങ്ങൾ കർശനമാക്കുന്നതിനും പുതിയ സ്കീമിൽ മുൻഗണന നൽകുന്നുണ്ടെങ്കിലും, പ്രതിമാസ പെൻഷൻ കണക്കാക്കുന്ന രീതിയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.
പെൻഷൻ വർധനവ്: പാർലമെന്റിലെ കേന്ദ്ര നിലപാട്
കുറഞ്ഞ പെൻഷൻ പ്രതിമാസം 7,500 രൂപയാക്കി ഉയർത്തണമെന്നും അതിനൊപ്പം ക്ഷാമബത്ത (DA) അനുവദിക്കണമെന്നും ഇ.പി.എസ്-95 നാഷണൽ അജിറ്റേഷൻ കമ്മിറ്റിയും വിവിധ തൊഴിലാളി യൂണിയനുകളും ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പെൻഷൻ കൂട്ടുന്നത് സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് പാർലമെന്റിൽ വ്യക്തമാക്കി.
പെൻഷൻ ഫണ്ടിന്റെ സാമ്പത്തിക ഭദ്രതയും ഭാവിയിലെ ബാധ്യതകളും കണക്കിലെടുത്ത് മാത്രമേ പെൻഷൻ വർധനവിൽ തീരുമാനമെടുക്കാൻ കഴിയൂ എന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്ദ്ലാജെ ലോക്സഭയിൽ അറിയിച്ചു.
നിലവിൽ ഇ.പി.എഫ്.ഒ സ്കീമിലേക്ക് നൽകുന്ന 1.16 ശതമാനം വേതന വിഹിതത്തിന് പുറമെ, ഇ.പി.എസ് 1995 പെൻഷൻകാർക്ക് പ്രതിമാസം കുറഞ്ഞത് 1,000 രൂപ പെൻഷൻ ഉറപ്പാക്കാൻ സർക്കാർ ബജറ്റിൽനിന്ന് പ്രത്യേക സാമ്പത്തിക വിഹിതം നൽകുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
