രാത്രിയിലെ അമിതഭക്ഷണം തടയാന്‍ ലളിതമായ വഴി : പകല്‍ സമയത്ത് ആവശ്യത്തിന് ഭക്ഷണം കഴിക്കുക!

രാത്രി വൈകി ലഘുഭക്ഷണങ്ങളും പലഹാരങ്ങളും കഴിച്ചു കൂട്ടുന്ന ശീലം നിങ്ങൾക്കുണ്ടോ? സ്വയംനിയന്ത്രണമില്ലായ്മ കൊണ്ടാണ് ഇതെന്നു കരുതി വിഷമിക്കേണ്ടതില്ല. ശരീരത്തിന് ആവശ്യമായ ആഹാരവും പോഷകങ്ങളും പകൽ സമയത്ത് ലഭിക്കാത്തതാണ് രാത്രിയിലെ ഈ അമിത വിശപ്പിന് പ്രധാന കാരണം.
രാത്രിയിൽ തോന്നുന്ന വിശപ്പിനെ മറികടക്കാൻ ആ സമയത്ത് എന്ത് കഴിക്കുന്നു എന്ന് മാത്രം നോക്കിയാൽ പോരാ, പകൽ സമയത്ത് എന്തൊക്കെ കഴിച്ചില്ല എന്നും പരിശോധിക്കേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രാവിലെ ഒരു കപ്പ് കാപ്പി മാത്രം കുടിച്ച് ജോലി തിരക്കുകളിലേക്ക് കടക്കുന്നവരാണ് ഭൂരിഭാഗവും. ഉച്ചയ്ക്ക് ജോലിത്തിരക്കിനിടയിൽ കിട്ടുന്നതെന്തെങ്കിലും കഴിച്ചുതീർക്കും. രാത്രിയിലെ ഭക്ഷണം മോശമല്ലെങ്കിൽ പോലും ഒരു ദിവസത്തെ കണക്കെടുത്താൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിച്ചിട്ടുണ്ടാകില്ല.
ചുറ്റുപാടുകൾ ശാന്തമാകുന്ന വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് പകൽ സമയത്ത് ലഭിക്കാതെ പോയ പോഷകങ്ങൾക്കായി ശരീരം ആവശ്യപ്പെടാൻ തുടങ്ങുന്നത്. ഇത് നിങ്ങളുടെ ആത്മനിയന്ത്രണമില്ലായ്മ കൊണ്ടോ ബലഹീനത കൊണ്ടോ സംഭവിക്കുന്നതല്ല.
പകൽ സമയത്തെ ഭക്ഷണത്തിൽ ഭൂരിഭാഗം ആളുകളും ഒഴിവാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പ്രോട്ടീൻ. വയർ നിറഞ്ഞതായി തോന്നിപ്പിക്കാനും റീഫൈൻഡ് കാർബോഹൈഡ്രേറ്റുകളെക്കാളും മറ്റ് ലഘുഭക്ഷണങ്ങളെക്കാളും കൂടുതൽ സമയം വിശപ്പില്ലാതെ നിലനിർത്താനും പ്രോട്ടീന്‍ കഴിയും. പകൽ സമയത്ത് ആവശ്യത്തിന് പ്രോട്ടീൻ ലഭിച്ചില്ലെങ്കിൽ രാത്രിയിൽ വിശപ്പ് കൂടുതലായി അനുഭവപ്പെടുന്നത് സാധാരണമാണ്.
രാത്രിയിൽ ഭക്ഷണം കഠിനമായി നിയന്ത്രിക്കാൻ ശ്രമിക്കുന്നതിന് പകരം പകൽ സമയത്തെ ഭക്ഷണം കൃത്യമായി പ്ലാൻ ചെയ്യുകയാണ് വേണ്ടത്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയിൽ ആവശ്യത്തിന് പ്രോട്ടീൻ ഉൾപ്പെടുത്തുക. കൃത്യമായ അളവിൽ പ്രോട്ടീൻ കഴിച്ചുതുടങ്ങിയാൽ അനാവശ്യ ഭക്ഷണങ്ങളോടുള്ള ആസക്തി താനേ അപ്രത്യക്ഷമാകും. ഭക്ഷണം കുറയ്ക്കുക എന്നതല്ല ഇതിനുള്ള പരിഹാരം — മറിച്ച് ശരീരത്തിന് ആവശ്യമുള്ള ശരിയായ പോഷകങ്ങൾ നൽകുക എന്നതാണ്.
